Skip to content

അവനെ ടീമിൽ നിന്നും ഒഴിവാക്കണമെന്നാണോ പറയുന്നത്, കെ എൽ രാഹുലിനെ പിന്തുണച്ച് സൂര്യകുമാർ യാദവ്

ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എൽ രാഹുലിനെ പിന്തുണച്ച് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ഏഷ്യ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും മോശം പ്രകടനം കാഴ്ച്ചവെച്ചതോടെ നിരവധി വിമർശങ്ങളാണ് കെ എൽ രാഹുലിന് നേരെ ഉയരുന്നത്. ഇതിനിടെയാണ് താരത്തെ പിന്തുണച്ച് കൊണ്ട് സൂര്യകുമാർ യാദവ് രംഗത്തെത്തിയത്.

ഹോങ്കോങിനെതിരായ മത്സരത്തിന് ശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിൽ ഏഷ്യ കപ്പിലെ അടുത്ത മത്സരങ്ങളിൽ ഓപ്പണറാകുമോയെന്ന ചോദ്യത്തിന് മറുപടി പറയവെയാണ് കെ എൽ രാഹുലിനെ താരം പിന്തുണച്ചത്.

” കെ എൽ രാഹുലിനെ ടീമിൽ നിന്നും ഒഴിവാക്കണം എന്നാണോ നിങ്ങൾ ആ ചോദ്യം കൊണ്ട് ഉദ്ദേശിച്ചത്. ”

” കെ എൽ രാഹുൽ പരിക്കിൽ നിന്നും തിരിച്ചെത്തിയതാണ്. അവന് കുറച്ചുസമയം ആവശ്യമാണ്. ഞങ്ങൾക്ക് ഇപ്പോൾ സമയമുണ്ട്. എന്നെ സംബന്ധിച്ച് ഏതൊരു ബാറ്റിങ് പൊസിഷനിലും കളിക്കുവാൻ ഞാൻ തയ്യാറാണ്. ഏത് നമ്പറിൽ ആയാലും എന്നെ കളിപ്പിച്ചാൽ മാത്രം മതിയെന്ന് ഞാൻ കോച്ചിനോടും ക്യാപ്റ്റനോടും പറഞ്ഞിട്ടുണ്ട്. ”

” കൂടാതെ ഒരുപാട് കാര്യങ്ങൾ ഞങ്ങൾ പരീക്ഷിക്കുന്നുണ്ട്, നെറ്റ്സിൽ അത് ചെയ്യുന്നതിനേക്കാൾ നല്ലത് മത്സരത്തിൽ പരീക്ഷിക്കുന്നതാണ്. അത് എത്രത്തോളം പ്രാവർത്തികമാകുമെന്ന് അപ്പോൾ അറിയാം. ” സൂര്യകുമാർ യാദവ് പറഞ്ഞു.