Skip to content

ഹോങ്കോങിനെതിരെ തകർപ്പൻ വിജയം, ഏഷ്യ കപ്പിൽ സൂപ്പർ ഫോറിൽ പ്രവേശിച്ച് ഇന്ത്യ

ഏഷ്യ കപ്പിൽ ഹോങ്കോങിനെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. മത്സരത്തിലെ 40 റൺസിൻ്റെ വിജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 193 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോങിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടാനെ സാധിച്ചുള്ളൂ.

( Picture Source : Twitter )

ഹോങ്കോങിന് വേണ്ടി ബാബർ ഹയത് 35 പന്തിൽ 41 റൺസും കെ ഡി ഷാ 28 പന്തിൽ 30 റൺസും നേടി ഭേദപെട്ട പ്രകടനം കാഴ്ച്ചവെച്ചു. മത്സരത്തിൽ പരാജയപെട്ടുവെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യയ്ക്കെതിരെ റാങ്കിങിൽ ഇരുപതാം സ്ഥാനത്തുള്ള ഹോങ്കോങ് നടത്തിയത്. അവസാന ഓവറുകളിൽ ഒഴിച്ചുനിർത്തിയാൽ ബൗളിങ്ങിലും മികവ് പുലർത്താൻ ഹോങ്കോങിന് സാധിച്ചിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, ആവേശ് ഖാൻ എന്നിവർ ഒരോ വിക്കറ്റ് വീതം നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യകുമാർ യാദവിൻ്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് വമ്പൻ സ്കോർ സ്വന്തമാക്കിയത്. 22 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ സൂര്യകുമാർ യാദവ് 26 പന്തിൽ 6 ഫോറും 6 സിക്സും അടക്കം പുറത്താകാതെ 68 റൺസ് നേടി.

( Picture Source : Twitter )

വിരാട് കോഹ്ലി 44 പന്തിൽ പുറത്താകാതെ 59 റൺസ് നേടി മികച്ച പിന്തുണ നൽകി. 40 പന്തിൽ നിന്നാണ് കോഹ്ലി തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. ഒരു ഫോറും മൂന്ന് സിക്സും മത്സരത്തിൽ കോഹ്ലി നേടി. 98 റൺസാണ് മൂന്നാം വിക്കറ്റിൽ സൂര്യകുമാർ യാദവും വിരാട് കോഹ്ലിയും കൂട്ടിച്ചേർത്തത്. അവസാന മൂന്നോവറിൽ മാത്രം 50 ലധികം റൺസ് നേടി. ക്യാപ്റ്റൻ രോഹിത് ശർമ്മ 13 പന്തിൽ 21 റൺസ് നേടി പുറത്തായപ്പോൾ കെ എൽ രാഹുൽ 39 പന്തിൽ 36 റൺസ് നേടി പുറത്തായി.

( Picture Source : Twitter )

മത്സരത്തിലെ വിജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിച്ചു. അഫ്ഗാനിസ്ഥാന് ശേഷം സൂപ്പർ ഫോറിൽ പ്രവേശിക്കുന്ന ടീമാണ് ഇന്ത്യ. വെള്ളിയാഴ്ച്ച നടക്കുന്ന ഹോങ്കോങ് – പാകിസ്ഥാൻ പോരാട്ടത്തിൽ വിജയിക്കുന്ന ടീമായിരിക്കും സൂപ്പർ ഫോറിൽ ഇന്ത്യയുടെ ആദ്യ എതിരാളി.

( Picture Source : Twitter )