Skip to content

പോരാട്ടം ഗ്രൗണ്ടിൽ മാത്രം, പരിക്കേറ്റ ഷഹീൻ അഫ്രീദിയോട് വിശേഷങ്ങൾ തിരക്കി ഇന്ത്യൻ താരങ്ങൾ ; വീഡിയോ കാണാം

ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇരു ടീമുകളും ടൂർണമെൻ്റിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. യു എ ഇയിലെ പരിശീലന സെഷനിടെ പാക് പേസർ ഷഹീൻ അഫ്രീദിയോട് ഇന്ത്യൻ താരങ്ങൾ വിശേഷം തിരക്കുന്ന വിഡിയോ ഇപ്പോൾ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.

പരിക്ക് മൂലം ഏഷ്യ കപ്പിൽ നിന്നും ഷഹീൻ അഫ്രീദി പുറത്തായിരുന്നു. എന്നാൽ ക്യാപ്റ്റൻ ബാബർ അസമിൻ്റെ നിർദേശപ്രകാരമാണ് ഷഹീൻ അഫ്രീദി ഇപ്പോഴും ടീമിനൊപ്പം തുടരുന്നത്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫീൽഡിങിനിടെയാണ് ഷഹീൻ അഫ്രീദിയ്‌ക്ക് പരിക്ക് പറ്റിയത്.

യു എ ഇയിൽ നടന്നുകൊണ്ടിരിക്കുന്ന പരിശീലനത്തിനിടെയാണ് ഷഹീൻ അഫ്രീദിയെ ഇന്ത്യൻ താരങ്ങൾ കണ്ടുമുട്ടുകയും താരത്തോട് വിശേഷങ്ങൾ തിരക്കുകയും ചെയ്തു. പാകിസ്ഥാൻ ടീമിൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടാണ് ഈ വീഡിയോ പങ്കുവെച്ചത്. ഇന്ത്യൻ താരങ്ങളായ യുസ്വെന്ദ്ര ചഹാൽ, വിരാട് കോഹ്ലി, റിഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവരാണ് ഷഹീൻ അഫ്രീദിയുമായി സൗഹൃദ സംഭാഷണം നടത്തിയത്.

വീഡിയോ ;

ഓഗസ്റ്റ് 28 ഞായറാഴ്ച്ചയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടക്കുന്നത്. ഏഷ്യ കപ്പിൽ പതിനാല് തവണയാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 8 മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചപ്പോൾ 5 മത്സരങ്ങളിൽ പാകിസ്ഥാൻ വിജയിച്ചു. എന്നാൽ ഈ 14 മത്സരങ്ങളിൽ 13 മത്സരവും ഏകദിന ഫോർമാറ്റിലാണ് നടന്നത്. ഒരേയൊരു ടി20 മത്സരത്തിൽ മാത്രമാണ് ഏഷ്യ കപ്പിൽ ഇരുടീമുകളും തമ്മിൽ കളിച്ചിട്ടുള്ളത്. അതിൽ വിജയിച്ചതും ഇന്ത്യൻ ടീം തന്നെയാണ്.

കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യയെ പരാജയപെടുത്തിയതിൻ്റെ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാനെത്തുന്നത്. എന്നാൽ പ്രാധാന ബൗളറായ ബുംറ ഇല്ലെങ്കിൽ പോലും ഇന്ത്യ ഇക്കുറി അതിശക്തമാണ്. ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ദിനേശ് കാർത്തിക് അടക്കമുളള താരങ്ങൾ മികച്ച ഫോമിലുമാണ്. ക്യാപ്റ്റൻ രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവർ അടങ്ങുന്ന മുൻനിര ഫോമിലെത്തിയാൽ ഇന്ത്യയെ പിടിച്ചുകെട്ടുകയെന്നത് പാകിസ്ഥാന് എളുപ്പമാവില്ല.