Skip to content

സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ബ്രോഡും ആൻഡേഴ്സണും, രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം

സൗത്താഫ്രിക്കയ്ക്കെതിരായ ഓൾഡ് ട്രാഫോർഡ് ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിന് തകർപ്പൻ തുടക്കം. ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപെട്ട ഇംഗ്ലണ്ടിൻ്റെ ശക്തമായ തിരിച്ചുവരവിനാണ് ഓൾഡ് ട്രാഫോർഡ് സാക്ഷ്യം വഹിച്ചത്. സീനിയർ താരങ്ങളായ സ്റ്റുവർട്ട് ബ്രോഡിൻ്റെയും ആൻഡേഴ്സൻ്റെയും മികവിൽ സൗത്താഫ്രിക്കയെ ചുരുക്കികെട്ടിയ ഇംഗ്ലണ്ട് മറുപടി ബാറ്റിങിലും മികവ് പുറത്തെടുത്തു.

( Picture Source : Twitter )

ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് ഇംഗ്ലണ്ട് നേടിയിട്ടുണ്ട്. 17 റൺസ് നേടിയ സാക് ക്രോലിയും 45 പന്തിൽ 38 റൺസ് നേടിയ ജോണി ബെയർസ്റ്റോയുമാണ് ഇംഗ്ലണ്ടിന് വേണ്ടി ക്രീസിലുള്ളത്. 4 റൺസ് നേടിയ അലക്സ് ലീസ്, 23 റൺസ് നേടിയ ഒല്ലി പോപ്പ്, 9 റൺസ് നേടിയ ജോ റൂട്ട് എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയെ മൂന്ന് വിക്കറ്റ് വീതം നേടിയ ജെയിംസ് ആൻഡേഴ്സൻ്റെയും സ്റ്റുവർട്ട് ബ്രോഡിൻ്റെയും മികവിലാണ് ആദ്യ ഇന്നിങ്സിൽ 151 റൺസിൽ ഇംഗ്ലണ്ട് ചുരുക്കികെട്ടിയത്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് രണ്ട് വിക്കറ്റും റോബിൻസൻ, ജാക്ക് ലീച്ച് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : Twitter )

72 പന്തിൽ 32 റൺസ് നേടിയ കഗിസോ റബാഡയാണ് സൗത്താഫ്രിക്കൻ നിരയിലെ ടോപ്പ് സ്കോറർ. ആദ്യ മത്സരത്തിൽ ഒരു ഇന്നിങ്സിനും 12 റൺസിനും വിജയിച്ച സൗത്താഫ്രിക്ക പരമ്പരയിൽ 1-0 ന് മുൻപിലാണ്.

( Picture Source : Twitter )