Skip to content

കാൻസർ ബാധിതനായ കുട്ടി ആരാധകൻ ഒപ്പിട്ട പന്ത് സമ്മാനിച്ച് സഞ്ജു – വീഡിയോ

സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും ഒരു പോലെ തിളങ്ങിയ മലയാളി താരം സഞ്ജു സാംസൺ ആയിരുന്നു പ്ലെയർ ഓഫ് ദി മാച്ച്. 39 പന്തിൽ 4 സിക്‌സും 3 ഫോറും സഹിതം 43 റൺസ് നേടിയ സഞ്ജു തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ അവാർഡാണ് സ്വന്തമാക്കിയത്. കീപ്പിങ്ങിൽ 3 ക്യാച്ചും നേടിയിരുന്നു. അതേസമയം ക്യാൻസർ ബാധിതനായ കുട്ടി ആരാധകൻ ഒപ്പിട്ട പന്ത് സമ്മാനിച്ച് സഞ്ജു ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.

ക്യാൻസർ ബാധിതരായ കുട്ടികളുടെ ചികിത്സയ്‌ക്കായാണ്
രണ്ടാം ഏകദിന മത്സരം നടത്തുന്നതെന്ന് സിംബാബ്‌വെ ബോർഡ് നേരെത്തെ അറിയിച്ചിരുന്നു. പിന്നാലെ മത്സര ശേഷം ക്യാൻസർ ബാധിച്ച ആറു വയസ്സുകാരൻ പന്ത് ഒപ്പിട്ട് നൽകാൻ കളിയിലെ താരമായ സഞ്ജുവിനെയാണ്  ബോർഡ് ക്ഷണിച്ചത്. ഹൃദയസ്പർശിയായ നിമിഷമായിരുന്നതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ ഉയർത്തിയ 162 വിജയലക്ഷ്യം ഇന്ത്യ 5 വിക്കറ്റ് നഷ്ട്ടത്തിൽ ചെയ്‌സ് ചെയ്തു. ഓപ്പണിങ്ങിൽ എത്തിയ ക്യാപ്റ്റൻ കെഎൽ രാഹുൽ 1 റൺസ് മാത്രം എടുത്ത് മടങ്ങി നിരാശപ്പെടുത്തി. പിന്നാലെ ധവാനും ഗിലും ഇന്ത്യൻ സ്‌കോർ 47ൽ എത്തിച്ചു. 33 റൺസ് നേടിയ ധവാൻ പുറത്താവുകയായിരുന്നു.

നാലാമനായി എത്തിയ ഇഷാൻ കിഷനും നിരാശപ്പെടുത്തി. 6 റൺസ് മാത്രം നേടി ബൗൾഡായി മടങ്ങി. ശുഭമാന് ഗിൽ (33), ഹൂഡ (25) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ സിംബാബ്‌വെയെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞു വീഴ്ത്തുകയായിരുന്നു.

മൂന്ന് വിക്കറ്റ് നേടിയ ഷാര്‍ദുല്‍ താക്കൂറായിരുന്നു വിക്കറ്റ് വേട്ടയിൽ മുന്നിൽ. സിംബാബ്‌വെക്കായി സീന്‍ വില്യംസ് (42), റ്യാന്‍ ബേള്‍ (39 നോട്ടൗട്ട്) എന്നിവര്‍ക്ക് മാത്രമാണ്  തിളങ്ങാനായത്.
ജയത്തോടെ മൂന്ന് മത്സര പരമ്ബരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. അവസാന മത്സരം 22നാണ്.