Skip to content

അവൻ സച്ചിനെ ചീത്തപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, 2003 ലോകകപ്പിലെ ഇന്ത്യ – പാക് മത്സരത്തിലെ ഓർമകൾ പങ്കുവെച്ച് വീരേന്ദർ സെവാഗ്

2003 ഏകദിന ലോകകപ്പിലെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന മത്സരത്തെ കുറിച്ചുള്ള തൻ്റെ ഓർമകൾ പങ്കുവെച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഇന്ത്യ തകർപ്പൻ വിജയം നേടിയ മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കറായിരുന്നു ഇന്ത്യയുടെ വിജയശില്പി. മത്സരത്തിൽ മികവ് പുലർത്താൻ സാധിച്ചില്ല എങ്കിലും പരിക്കേറ്റ സച്ചിന് വേണ്ടി റണ്ണറായി സെവാഗ് കളിക്കളത്തിൽ തിരിച്ചെത്തിയിരുന്നു.

മത്സരത്തിനിടെ പാക് താരങ്ങൾ സച്ചിനെ വാക്കുകൾ കൊണ്ട് അധിക്ഷേപിച്ചിരുന്നുവെന്നും എന്നാൽ അതൊന്നും തന്നെ സച്ചിൻ്റെ ശ്രദ്ധതിരിക്കാൻ സാധിച്ചില്ലയെന്നും ആ മത്സരം എത്രത്തോളം പ്രാധാനപെട്ടതാണെന്ന് മറ്റുള്ളവരേക്കാൾ കൂടുതൽ സച്ചിൻ ടെണ്ടുക്കർക്ക് അറിയാമായിരുന്നുവെന്നും സെവാഗ് പറഞ്ഞു.

” അത് എത്രത്തോളം പ്രധാനപെട്ടതാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പക്ഷേ സച്ചിൻ അത്രത്തോളം പരിചയസമ്പന്നനായിരുന്നു. പാകിസ്ഥാനെതിരെ ഒരുപാട് മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിന് തയ്യാറാകണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹത്തിൻ്റെ ലോകകപ്പ് പ്രകടനം നോക്കിയാൽ അതായിരുന്നു എൻ്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ചത്. ” സെവാഗ് പറഞ്ഞു.

” പരിക്കേറ്റതിനാൽ അദ്ദേഹത്തിന് വേണ്ടി റണ്ണറായും ഞാൻ എത്തിയിരുന്നു. പാകിസ്ഥാൻ്റെ ഷാഹിദ് അഫ്രീദി സച്ചിനെ ചീത്തവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്തൊക്കെയോ അവൻ സച്ചിനോട് പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ അതൊന്നും സച്ചിൻ്റെ ശ്രദ്ധ തെറ്റിച്ചില്ല. താൻ ക്രീസിൽ തുടരുന്നത് എത്രത്തോളം പ്രധാനപെട്ടതാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം സാധാരണയായി റണ്ണറെ ആവശ്യപെടാറില്ല. പക്ഷേ ഞാൻ എത്തിയാൽ ഞാൻ അദ്ദേഹത്തെ പോലെ ഓടുമെന്നും ഒരു തെറ്റിദ്ധാരണയും ഉണ്ടാകില്ലെന്ന് അദേഹത്തിന് അറിയാമായിരുന്നു. ” സെവാഗ് പറഞ്ഞു.

മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യ വിജയിച്ചത്. പാകിസ്ഥാൻ ഉയർത്തിയ 274 റൺസിൻ്റെ വിജയലക്ഷ്യം 45.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. സച്ചിൻ 75 പന്തിൽ 12 ഫോറും ഒരു സിക്ദസും അടക്കം 98 റൺസ് നേടിയപ്പോൾ യുവരാജ് സിങ് 53 പന്തിൽ 50 റൺസും രാഹുൽ ദ്രാവിഡ് 44 റൺസും നേടി പുറത്താകാതെ നിന്നു.