Skip to content

അവനാണ് ഗാംഗുലിയോട് അക്കാര്യം പറഞ്ഞത്, തന്നെ ഓപ്പണറാക്കുവാൻ നിർദ്ദേശിച്ച സഹതാരം ആരെന്ന് വെളിപ്പെടുത്തി വീരേന്ദർ സെവാഗ്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളാണ് വീരേന്ദർ സെവാഗ്. എന്നാൽ ഇന്ത്യൻ ടീമിൽ ഒരു മധ്യനിര ബാറ്റ്സ്മാൻ ആയാണ് സെവാഗ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയാണ് തൻ്റെ ഓപ്പണിങ് സ്ഥാനം വീരേന്ദർ സെവാഗിന് കൈമാറിയത്. എന്നാൽ തന്നെ ഓപ്പണറാക്കുവാൻ ഗാംഗുലിയോട് നിർദ്ദേശിച്ചത് മറ്റൊരു താരമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്. സ്റ്റാർ സ്പോർട്സിൻ്റെ Frenimies എന്ന പരിപാടിയിൽ മുൻ പാക് പേസർ ഷോയിബ് അക്തറുമായി സംസാരിക്കവെയാണ് ഇക്കാര്യം സെവാഗ് തുറന്നുപറഞ്ഞത്.

ഏകദിന ക്രിക്കറ്റിൽ ഓപ്പണറായി 212 ഇന്നിങ്സിൽ നിന്നും 104.71 സ്ട്രൈക്ക് റേറ്റിൽ 7518 റൺസ് സെവാഗ് നേടിയിട്ടുണ്ട്. മറുഭാഗത്ത് ടെസ്റ്റ് ക്രിക്കറ്റിൽ 170 ഇന്നിങ്സിൽ നിന്നും ഓപ്പണറായി 50 ന് മുകളിൽ ശരാശരിയിൽ 84 ന് അടുത്ത് സ്ട്രൈക്ക് റേറ്റിൽ 8207 റൺസും വീരേന്ദർ സെവാഗ് നേടിയിട്ടുണ്ട്.

തൻ്റെ ഉറ്റ ചങ്ങാതിയും ഇന്ത്യൻ പേസറുമായ സഹീർ ഖാനാണ് തന്നെ ഓപ്പണർ ആക്കുവാൻ ഗാംഗുലിയോട് നിർദ്ദേശിച്ചതെന്ന് പരിപാടിയിൽ സെവാഗ് വെളിപ്പെടുത്തി.

” അത് സഹീർ ഖാൻ്റെ ഐഡിയയായിരുന്നു. സൗരവ് ഗാംഗുലിയോട് എൻ്റെ പേര് നിർദ്ദേശിച്ചത് അവനാണ്. അദ്ദേഹം എന്നോട് ഓപ്പൺ ചെയ്യുവാൻ ആവശ്യപെട്ടു. അതിന് മുൻപ് ഞാൻ മധ്യനിരയിലാണ് ബാറ്റ് ചെയ്തിരുന്നത്. 1999 ൽ ഞാൻ നിങ്ങളെ (അക്തർ) നേരിട്ടപ്പോൾ ഞാൻ മധ്യനിര ബാറ്റ്സ്മാനായിരുന്നു. ” സെവാഗ് പറഞ്ഞു.