Skip to content

അവൻ ഫോമിൽ തിരിച്ചെത്തിയാൽ പണിയാകും, പാകിസ്ഥാന് മുന്നറിയിപ്പുമായി മുൻ താരം

ഏഷ്യ കപ്പ് ആവേശ പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ പാകിസ്ഥാന് മുന്നറിയിപ്പുമായി മുൻ താരം സൽമാൻ ബട്ട്. ഏഷ്യ കപ്പിൽ കോഹ്ലിയുടെ ഫോം പാകിസ്ഥാനും നിർണായകമാകുമെന്നും ഫോമിൽ തിരിച്ചെത്തിയാൽ കോഹ്ലി തീര്ച്ചയായും പാകിസ്ഥാനെ കുഴപ്പത്തിലാക്കുമെന്നും സൽമാൻ ബട്ട് പറഞ്ഞു.

പാകിസ്ഥാനെതിരെ എല്ലായ്പ്പോഴും തകർപ്പൻ പ്രകടനമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കോഹ്ലി കാഴ്ച്ചവെച്ചിട്ടുള്ളത്. പാകിസ്ഥാനെതിരെ ടി20 ക്രിക്കറ്റിൽ 7 മത്സരങ്ങളിൽ നിന്നും 77.75 ശരാശരിയിൽ 311 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പിൽ മുൻനിര ബാറ്റ്സ്മാന്മാർ പരാജയപെട്ടപ്പോൾ 57 റൺസ് നേടിയ വിരാട് കോഹ്ലിയായിരുന്നു ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.

” പരിചയസമ്പത്തും കഴിവുമുള്ള കോഹ്ലിയെ എത്രയും വേഗം ഫോമിൽ തിരിച്ചെത്തിക്കാനാണൂ ഇന്ത്യ ശ്രമിക്കുന്നത്. പാകിസ്ഥാനെതിരെ ഫോമിൽ തിരിച്ചെത്തുന്ന ഒരുപാട് താരങ്ങളെ നമ്മൾ മുൻപ് കണ്ടിട്ടുണ്ട്. അവൻ ഫോമിലേക്ക് തിരിച്ചെത്തിയാൽ തീര്ച്ചയായും പാകിസ്ഥാനെ കുഴപ്പത്തിലാക്കും. ” സൽമാൻ ബട്ട് പറഞ്ഞു.

സീനിയർ താരങ്ങൾക്ക് വിശ്രമം നൽകികൊണ്ടുള്ള ഇന്ത്യയുടെ റൊട്ടേഷൻ പോളിസിയെയും സൽമാൻ ബട്ട് പ്രശംസിച്ചു. റൊട്ടേഷൻ പോളിസി ഇന്ത്യൻ ടീമിൽ സാധാരണയായി മാറിയെന്നും ഇതുമൂലം സീനിയർ താരങ്ങൾക്ക് വേണ്ടത്ര വിശ്രമം നൽകുന്നതിനൊപ്പം യുവതാരങ്ങൾക്ക് മതിയായ അവസരങ്ങൾ നൽകുവാൻ ഇന്ത്യയെ സഹായിച്ചെന്നും സൽമാൻ ബട്ട് പറഞ്ഞു.

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിൻഡീസ് പര്യടനത്തിലും സിംബാബ്‌വെ പര്യടനത്തിലും ഇന്ത്യയ്ക്ക് കോഹ്ലിയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഐസിസി ടി20 ലോകകപ്പിന് ഇനി മാസങ്ങൾ മാത്രം ശേഷിക്കെ ഏഷ്യ കപ്പിൽ കോഹ്ലി ഫോമിൽ തിരിച്ചെത്തേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമാണ്.