ക്രിക്കറ്റിലെ വിചിത്രമായ പുറത്താകൽ! ഗില്ലിന്റെ പുറത്താകൽ കണ്ട് ചിരിയടക്കാനാവാതെ ആരാധകർ – വീഡിയോ

അവസാന ഓവർ വരെ നീണ്ടുനിന്ന വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം ഏകദിന മത്സരത്തിൽ ചെയ്‌സിങിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 312 വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 2 പന്തുകൾ ബാക്കി നിൽക്കെയാണ് 8 വിക്കറ്റ് നഷ്ട്ടത്തിൽ ഫിനിഷ് ചെയ്തത്. ജയത്തോടെ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി.

35 പന്തിൽ 5 സിക്‌സും 3 ഫോറും ഉൾപ്പെടെ 64 റൺസ് നേടി പുറത്താകാതെ നിന്ന അക്‌സർ പട്ടേലാണ് ഇന്ത്യൻ വിജയത്തിൽ ചുക്കാൻ പിടിച്ചത്. 49.4 ഓവറിൽ സിക്സ് പറത്തി ഫിനിഷ് ചെയ്യുകയായിരുന്നു. 3 വിക്കറ്റ് ബാക്കി നിൽക്കെ അവസാന 4 ഓവറിൽ 32 റൺസ് ജയിക്കാൻ വേണമെന്ന ഘട്ടത്തിൽ വാലറ്റത്തെയും കൂട്ടുപിടിച്ച് അക്‌സർ പട്ടേൽ ചെയ്‌സ് ചെയ്യുകയായിരുന്നു.

മലയാളി താരം സഞ്ജു സാംസണ് (51 പന്തിൽ 54), ശ്രേയസ് അയ്യർ (71 പന്തിൽ 63), ഗിൽ (49 പന്തിൽ 43) എന്നിവരും ഇന്ത്യയ്ക്കായി മികച്ച രീതിയിൽ കളിച്ചു. ഓപ്പണർ ഗിൽ അർധ സെഞ്ചുറിക്ക് അരികെ അനാവശ്യ ഷോട്ട് കളിച്ചാണ് വിചിത്രമായ രീതിയിൽ പുറത്തായത്. മയേഴ്‌സിന്റെ 114 കി.മി ഡെലിവറി സ്‌കൂപ് ചെയ്യാൻ ശ്രമിച്ച ഗിലിന് പിഴക്കുകയായിരുന്നു.

ബാറ്റിന്റെ അറ്റത്ത് കൊണ്ട് വിക്കറ്റിന് പിറകിലെക്ക് പോകേണ്ടതിന് പകരം ബൗളർക്ക് തന്നെ ക്യാച്ചായി ലഭിക്കുകയായിരുന്നു. തന്റെ മണ്ടത്തരത്തിൽ ഇളിഭ്യനായാണ് ഗിൽ മടങ്ങിയത്. ആദ്യ മത്സരത്തിലും തകർപ്പൻ അർധ സെഞ്ചുറി നേടിയ ഗിൽ മികച്ച ഫോമിലാണ്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റ് വിന്‍ഡീസ് ഓപ്പണര്‍ ഷായ് ഹോപ്പിന്റെ മികവിലാണ് മികച്ച സ്കോര്‍ കണ്ടെത്തിയത്. 135 പന്തില്‍ നിന്ന് 115 റണ്‍സാണ് ഹോപ്പ് അടിച്ചുകൂട്ടിയത്. 77 പന്തില്‍ നിന്ന് 74 റണ്‍സെടുത്ത നിക്കോളാസ് പുരനും വെസ്റ്റ് വിന്‍ഡീസ് നിരയില്‍ തിളങ്ങി. ഇന്ത്യക്ക് വേണ്ടി ശാര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.