Skip to content

അവസാന ഓവറിൽ സിക്സിലൂടെ ഫിനിഷ് ചെയ്ത് അക്‌സർ പട്ടേൽ ; തകർത്തത് സാക്ഷാൽ ധോണിയുടെ റെക്കോർഡ്

ഓപ്പണർ ഷായ് ഹോപ്പിന്റെ തകർപ്പൻ  സെഞ്ചുറി ഇന്നിംഗ്‌സും ക്യാപ്റ്റൻ നിക്കോളാസ് പൂരന്റെ 74 റൺസ് ഇന്നിംഗ്‌സും വെസ്റ്റ് ഇൻഡീസിനെ രണ്ടാം മത്സരത്തിൽലും രക്ഷിക്കാനായില്ല. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് മികച്ച സ്കോറാണ് ഇന്ത്യയ്ക്ക് മുന്നിൽ വെച്ചത്. 6 വിക്കറ്റ് നഷ്ട്ടത്തിൽ 311 റൺസ് നേടിയിരുന്നു.

നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീണ് ചെയ്‌സിങ്ങിൽ പരുങ്ങളിലായ ഇന്ത്യയെ ഏഴാമനായി എത്തിയ അക്‌സർ പട്ടേൽ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ടി20 ശൈലിയിൽ ബാറ്റ് വീശിയ അക്‌സർ പട്ടേൽ 35 പന്തിൽ 5 സിക്‌സും 3 ഫോറും ഉൾപ്പെടെ 64 റൺസ് നേടി പുറത്താകാതെ നിന്നു. 2 പന്തുകൾ ബാക്കി നിൽക്കെ സിക്സ് പറത്തിയാണ് ജയം സമ്മാനിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയുടെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറിയാണ് അക്സർ പട്ടേൽ സ്വന്തമാക്കിയത്.

ഒപ്പം മറ്റൊരു വമ്പൻ റെക്കോർഡും അക്‌സർ പട്ടേൽ നേടി. ചേസിങ്ങിനിടെ അക്‌സർ അടിച്ചു കൂടിയ അഞ്ച് സിക്‌സറുകൾ വിജയകരമായ ഏകദിന ചേസിംഗിൽ ഏഴോ അതിലും താഴെയോ ബാറ്റ് ചെയ്‌ത ഒരു ഇന്ത്യക്കാരന്റെ ഏറ്റവും കൂടുതൽ സിക്‌സറാണ്. സാക്ഷാൽ ധോണിയുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 2005ൽ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയുടെ ചേസിംഗിൽ മൂന്ന് സിക്‌സറുകൾ ധോണി നേടിയിരുന്നു.

മത്സരശേഷം തന്റെ ഇന്നിംഗ്സിനെ കുറിച്ച് അക്‌സർ പട്ടേൽ ആവേശഭരിതനായി. “ഈ ഇന്നിംഗ്സ് സവിശേഷമായ ഒന്നാണെന്ന് ഞാൻ കരുതുന്നു. നിർണായകമായ സമയത്താണ് ഇങ്ങനെയൊരു പ്രകടനം പുറത്തെടുക്കാനായത്, കൂടാതെ പരമ്പര നേടാനും ടീമിനെ സഹായിച്ചു. ശാന്തതയോടെ ബാറ്റ് ചെയ്യേണ്ട കാര്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അഞ്ച് വർഷത്തിന് ശേഷമാണ്  ഏകദിനത്തിൽ കളിക്കുന്നത്. എന്റെ ടീമിന് വേണ്ടി ഇതുപോലെയുള്ള പ്രകടനം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.”  അക്‌സർ പറഞ്ഞു.

മലയാളി താരം സഞ്ജു സാംസണ് (51 പന്തിൽ 54), ശ്രേയസ് അയ്യർ (71 പന്തിൽ 63), ഗിൽ (49 പന്തിൽ 43) എന്നിവരും ഇന്ത്യയ്ക്കായി മികച്ച രീതിയിൽ കളിച്ചു. ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റ് വിന്‍ഡീസ് ഓപ്പണര്‍ ഷായ് ഹോപ്പിന്റെ മികവിലാണ് മികച്ച സ്കോര്‍ കണ്ടെത്തിയത്. 135 പന്തില്‍ നിന്ന് 115 റണ്‍സാണ് ഹോപ്പ് അടിച്ചുകൂട്ടിയത്. 77 പന്തില്‍ നിന്ന് 74 റണ്‍സെടുത്ത നിക്കോളാസ് പുരനും വെസ്റ്റ് വിന്‍ഡീസ് നിരയില്‍ തിളങ്ങി. ഇന്ത്യക്ക് വേണ്ടി ശാര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.