സെഞ്ചുറിയുമായി റിഷഭ് പന്ത്, തകർപ്പൻ വിജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് ആതിഥേയരായ ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി.

( Picture Source : Twitter )

സെഞ്ചുറി നേടിയ റിഷഭ് പന്തിൻ്റെയും ഹാർദിക് പാണ്ഡ്യയുടെയും തകർപ്പൻ ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയം നേടിയത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 260 റൺസിൻ്റെ വിജയലക്ഷ്യം ഓവറിൽ 42.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി റിഷഭ് പന്ത് 113 പന്തിൽ 16 ഫോറും 2 സിക്സുമടക്കം 125 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ ഹാർദിക് പാണ്ഡ്യ 55 പന്തിൽ 71 റൺസ് നേടി പുറത്തായി. ഒരു ഘട്ടത്തിൽ 72 റൺസിന് നാല് വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് പന്തിൻ്റെയും പാണ്ഡ്യയുടെയും മികവിൽ ഇന്ത്യ മത്സരത്തിൽ ശക്തമായി തിരിച്ചെത്തിയത്.

( Picture Source : Twitter )

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 80 പന്തിൽ 60 റൺസ് നേടിയ ജോസ് ബട്ട്ലറുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ജേസൺ റോയ് 31 പന്തിൽ 41 റൺസും മോയിൻ അലി 34 റൺസും നേടിയപ്പോൾ ജോണി ബെയർസ്റ്റോയും ജോ റൂട്ടും പൂജ്യത്തിന് പുറത്തായി.

ഇന്ത്യയ്ക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ 7 ഓവറിൽ 24 റൺസ് വഴങ്ങി നാല് വിക്കറ്റും യുസ്വെന്ദ്ര ചഹാൽ മൂന്ന് വിക്കറ്റും മൊഹമ്മദ് സിറാജ് രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് 100 റൺസിന് വിജയിച്ചിരുന്നു.

( Picture Source : Twitter )