ഏകദിന ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ രാഹുൽ ദ്രാവിഡിനൊപ്പമെത്തി റിഷഭ് പന്ത്

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കാഴ്ച്ചവെച്ചത്. ഏകദിന ക്രിക്കറ്റിലെ തൻ്റെ കന്നി സെഞ്ചുറി നേടിയ പന്തിൻ്റെ മികവിലാണ് മത്സരത്തിൽ അഞ്ച് വിക്കറ്റിന് വിജയിച്ച് ഏകദിന പരമ്പര സ്വന്തമാക്കിയത്. മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ തകർപ്പൻ നേട്ടത്തിൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തിയിരിക്കുകയാണ് റിഷഭ് പന്ത്.

( Picture Source: Twitter )

മത്സരത്തിൽ 113 പന്തിൽ 16 ഫോറും 2 സിക്സുമടക്കം പുറത്താകാതെ 126 റൺസ് റിഷഭ് നേടിയിരുന്നു. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡ് പന്ത് സ്വന്തമാക്കി.

ഇംഗ്ലണ്ടിൽ നടന്ന 1999 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ സെഞ്ചുറി നേടിയ രാഹുൽ ദ്രാവിഡാണ് ആദ്യമായി ഇംഗ്ലണ്ടിൽ ഏകദിന സെഞ്ചുറി നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ. 129 പന്തിൽ 17 ഫോറും ഒരു സിക്സും അടക്കം 145 റൺസ് രാഹുൽ ദ്രാവിഡ് അന്ന് നേടിയിരുന്നു. ഇതേ മത്സരത്തിലാണ് സൗരവ് ഗാംഗുലി 158 പന്തിൽ 183 റൺസ് നേടിയത്.

എം എസ് ധോണി, രാഹുൽ ദ്രാവിഡ്, കെ എൽ രാഹുൽ എന്നിവർക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ കൂടിയാണ് റിഷഭ് പന്ത്. ഇതിൽ രാഹുൽ ദ്രാവിഡ്, കെ എൽ രാഹുൽ എന്നിവർക്കൊപ്പം റിഷഭ് പന്ത് മാത്രമാണ് ഏഷ്യയ്ക്ക് പുറത്ത് സെഞ്ചുറി നേടിയിട്ടുള്ളത്.

( Picture Source: Twitter )

മഹേന്ദ്ര സിങ് ധോണിയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും സെഞ്ചുറി നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ കൂടിയാണ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇതിനോടകം 31 മത്സരങ്ങളിൽ നിന്നും 5 സെഞ്ചുറി താരം നേടിയിട്ടുണ്ട്. ഇതിൽ നാല് സെഞ്ചുറിയും ഇന്ത്യയ്ക്ക് പുറത്താണ് പന്ത് നേടിയത്. ഇപ്പോൾ തൻ്റെ ആദ്യ ഏകദിന ഇന്ത്യക്ക് പുറത്ത് വെച്ചുതന്നെ നേടിയിരിക്കുകയാണ് റിഷഭ് പന്ത്.