ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറിയുമായി പാക് ക്യാപ്റ്റൻ ബാബർ അസം. മറ്റുള്ളവർ മികവ് പുലർത്താതെ പോയപ്പോൾ സെഞ്ചുറി നേടിയ ബാബറിൻ്റെ മികവിൽ ആദ്യ ഇന്നിങ്സിൽ 218 റൺസ് നേടി പാകിസ്ഥാൻ പുറത്തായി. പാകിസ്ഥാൻ ടോട്ടലിലെ പകുതിയിലധികം റൺസും നേടിയത് ക്യാപ്റ്റൻ ബാബർ അസമായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ ഏഴാം സെഞ്ചുറി നേടിയ ബാബർ 244 പന്തിൽ 11 ഫോറും 2 സിക്സുമടക്കം 119 റൺസ് നേടിയാണ് പുറത്തായത്. ഒരു ഘട്ടത്തിൽ 85 റൺസിന് 7 വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് വാലറ്റത്തെ കൂട്ടുപിടിച്ച് ബാബർ പാകിസ്ഥാനെ വൻതകർച്ചയിൽ നിന്നും രക്ഷിച്ചത്. അവസാന വിക്കറ്റിൽ നസീം ഷായ്ക്കൊപ്പം 70 റൺസ് ബാബർ അസം കൂട്ടിച്ചേർത്തു. അതിൽ 5 റൺസ് മാത്രമായിരുന്നു നസീം ഷായുടെ സംഭാവന. 19 റൺസ് നേടിയ മൊഹമ്മദ് റിസ്വാനാണ് ബാബറിന് ശേഷം പാകിസ്ഥാൻ നിരയിലെ ടോപ്പ് സ്കോറർ.

5 വിക്കറ്റ് നേടിയ പ്രഭാത് ജയസൂര്യയാണ് പാക് മുൻനിരയെ ചുരുക്കികെട്ടിയത്. തൻ്റെ തുടർച്ചയായ മൂന്നാം അഞ്ച് വിക്കറ്റ് നേട്ടമാണ് താരം കുറിച്ചത്. നേരത്തേ തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ രണ്ട് ഇന്നിങ്സിലും താരം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. മഹീഷ് തീക്ഷ്ണയും രമേഷ് മെൻഡിസും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ആദ്യ ഇന്നിങ്സിൽ 222 റൺസ് നേടിയാണ് ശ്രീലങ്ക പുറത്തായത്. 76 റൺസ് നേടിയ ചാന്ദിമലും 38 റൺസ് നേടിയ തീക്ഷ്ണയുമാണ് ശ്രീലങ്കയ്ക്ക് വേണ്ടി തിളങ്ങിയത്.
