എറിഞ്ഞിട്ട് ബുംറ, അടിച്ചിട്ട് ഹിറ്റ്മാൻ, ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ഏകപക്ഷീയമായ വിജയം. ബൗളിങിലും ബാറ്റിങിലും മേധാവിത്വം പുലർത്തിയ ഇന്ത്യ 10 വിക്കറ്റിനാണ് മത്സരത്തിൽ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വെറും 110 റൺസിൽ ഒതുക്കിയ ഇന്ത്യ 111 റൺസിൻ്റെ വിജയലക്ഷ്യം വെറും 18.4 ഓവറിൽ വിക്കറ്റ് ഒന്നും തന്നെ നഷ്ടപെടാതെ മറികടന്നു.

( Picture Source : Twitter )

ഇന്ത്യയ്ക്ക് വേണ്ടി ശിഖാർ ധവാൻ 54 പന്തിൽ 31 റൺസും ക്യാപ്റ്റൻ രോഹിത് ശർമ്മ 58 പന്തിൽ 6 ഫോറും 5 സിക്സുമടക്കം 76 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനെ ജസ്പ്രീത് ബുംറയാണ് തകർപ്പൻ ബൗളിങിലൂടെ ചുരുക്കികെട്ടിയത്. 7.2 ഓവറിൽ വെറും 19 റൺസ് വഴങ്ങിയ ബുംറ 6 വിക്കറ്റുകൾ വീഴ്ത്തി. മൊഹമ്മദ് ഷാമി മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ പ്രസീദ് കൃഷ്ണ ഒരു വിക്കറ്റ് നേടി.

( Picture Source : Twitter )

നാല് ബാറ്റ്സ്മാന്മാർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നത്. ജേസൺ റോയ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ലിയാം ലിവിങ്സ്റ്റൺ എന്നിവർ പൂജ്യത്തിന് പുറത്തായി. ബെൻ സ്റ്റോക്സിനെ ഷാമി പുറത്താക്കിയപ്പോൾ മറ്റു മൂന്ന് പേരെയും ജസ്പ്രീത് ബുംറയാണ് പുറത്തായത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്കോറിനാണ് ഇംഗ്ലണ്ട് പുറത്തായത്.

മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0 ന് മുൻപിലെത്തി. ജൂലൈ 14 ന് ലോർഡ്സിലാണ് പരമ്പരയിലെ രണ്ടാം മത്സരം.

( Picture Source : Twitter )