Skip to content

19 റൺസ് വഴങ്ങി വീഴ്ത്തിയത് 6 വിക്കറ്റ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഇംഗ്ലണ്ട് ബാറ്റിങ് നിരയെ എറിഞ്ഞുവീഴ്ത്തിയ ബുംറ ആതിഥേയരെ വെറും 110 റൺസിന് ഓൾ ഔട്ടാക്കിയിരുന്നു. മൂന്ന് ബാറ്റ്സ്മാന്മാരെ പൂജ്യത്തിന് പുറത്താക്കിയ ബുംറ 6 വിക്കറ്റുകൾ മത്സരത്തിൽ വീഴ്ത്തി. മത്സരത്തിലെ ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബുംറ.

( Picture Source : Twitter )

7.2 ഓവറിൽ വെറും 19 റൺസ് വഴങ്ങിയാണ് ആറ് വിക്കറ്റുകൾ ബുംറ വീഴ്ത്തിയത്. തൻ്റെ ഓപ്പണിങ് സ്പെല്ലിൽ 9 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ ബുംറ വീഴ്ത്തിയിരുന്നു. ഏകദിന ക്രിക്കറ്റിലെ ബുംറയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. കൂടാതെ ഇംഗ്ലണ്ടിൽ ഏകദിന ക്രിക്കറ്റിൽ ഒരു മത്സരത്തിൽ 6 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ഫാസ്റ്റ് ബൗളറെന്ന തകർപ്പൻ നേട്ടവും ബുംറ സ്വന്തമാക്കി.

( Picture Source : Twitter )

ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരായ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. 2003 ൽ ഡർബനിൽ 23 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയ ആശിഷ് നെഹ്റ, 2018 ൽ നോട്ടിങ്ഹാമിൽ 25 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയ കുൽദീപ് യാദവ് എന്നിവരെയാണ് ബുംറ പിന്നിലാക്കിയത്.

( Picture Source : Twitter )

മത്സരത്തിൽ വെറും 110 റൺസ് നേടിയാണ് ഇംഗ്ലണ്ട് പുറത്തായത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ ഇംഗ്ലണ്ടിൻ്റെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്. ബുംറ ആറ് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മൊഹമ്മദ് ഷാമി മൂന്ന് വിക്കറ്റും പ്രസീദ് കൃഷ്ണ ഒരു വിക്കറ്റും നേടി. 2014 ന് ശേഷം ഇതാദ്യമായാണ് ഒരു ഏകദിന മത്സരത്തിലെ 10 വിക്കറ്റും ഇന്ത്യൻ പേസർമാർ നേടുന്നത്. ഇതിനുമുൻപ് അഞ്ച് തവണ ഒരു ഏകദിനത്തിലെ 10 വിക്കറ്റും ഇന്ത്യൻ പേസർമാർ നേടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ആദ്യം ബൗൾ ചെയ്യുന്നതിനിടെ ഇന്ത്യൻ പേസർമാർ 10 വിക്കറ്റും നേടുന്നത്.

( Picture Source : Twitter )