Skip to content

6 വിക്കറ്റുകൾ വീഴ്ത്തി ജസ്പ്രീത് ബുംറ, ഇന്ത്യയ്ക്കെതിരായ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർന്നടിഞ്ഞ് പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിങ് നിര. ടോസ് നഷ്ടപെട്ട് ബാറ്റിങിന് ഇറങ്ങിയ ആതിഥേയരായ ഇംഗ്ലണ്ട് 25.2 ഓവറിൽ വെറും 110 റൺസിന് പുറത്തായി. ഇന്ത്യയ്ക്കെതിരായ ഇംഗ്ലണ്ടിൻ്റെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്.

( Picture Source : Twitter )

രണ്ടാം ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ ജേസൺ റോയിയെ പുറത്താക്കികൊണ്ട് ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ഓവറിലെ അവസാന പന്തിൽ തകർപ്പൻ ഫോമിലുള്ള ജോ റൂട്ടിനെയും ബുംറ പുറത്താക്കി. തൊട്ടടുത്ത ഓവറിലെ നാലാം പന്തിൽ മൊഹമ്മദ് ഷാമി ബെൻ സ്റ്റോക്സിനെ ഗോൾഡൻ ഡക്കാക്കിയതോടെ ഇംഗ്ലണ്ട് മുൻനിര കൂപ്പുകുത്തി.

ആറാം ഓവറിലെ മൂന്നാം പന്തിൽ ജോണി ബെയർസ്റ്റോയെയും പിന്നാലെ എട്ടാം ഓവറിലെ അഞ്ചാം പന്തിൽ ലിയാം ലിവിങ്സ്റ്റണെയും ജസ്പ്രീത് ബുംറ പുറത്താക്കി. ജേസൺ റോയ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ലിയാം ലിവിങ്സ്റ്റൺ എന്നീ നാല് ബാറ്റ്സ്മാന്മാരാണ് ഇംഗ്ലണ്ട് നിരയിൽ പൂജ്യത്തിന് പുറത്തായത്. ഇതിൽ മൂന്ന് പേരെയും പൂജ്യത്തിന് പുറത്താക്കിയത് ജസ്പ്രീത് ബുംറയാണ്.

( Picture Source : Twitter )

7.2 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകൾ ജസ്പ്രീത് ബുംറ വീഴ്ത്തിയപ്പോൾ മൊഹമ്മദ് ഷാമി ഏഴോവറിൽ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും പ്രസീദ് കൃഷ്ണ ഒരു വിക്കറ്റും നേടി.

32 പന്തിൽ 30 റൺസ് നേടിയ ജോസ് ബട്ട്ലർ, 14 റൺസ് നേടിയ മോയിൻ അലി, 21 റൺസ് നേടിയ ഡേവിഡ് വില്ലി, 15 റൺസ് നേടിയ ബ്രൈഡൻ കാർസ് എന്നിവർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നത്.

( Picture Source : Twitter )