ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി ജസ്പ്രീത് ബുംറ

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ കാഴ്ച്ചവെച്ചത്. വെറും 19 റൺസ് വഴങ്ങി 6 വിക്കറ്റ് താരത്തിൻ്റെ മികവിലാണ് അനായാസ വിജയം ഇന്ത്യ നേടിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിങിൽ തലപ്പത്തെത്തിയിരിക്കുകയാണ് ബുംറ.

( Picture Source : Twitter )

ന്യൂസിലൻഡ് പേസർ ട്രെൻഡ് ബോൾട്ടിനെയും പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദിയെയും പിന്നിലാക്കിയാണ് ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനം ബുംറ സ്വന്തമാക്കിയത്. മത്സരത്തിന് മുൻപ് നാലാം സ്ഥാനത്തായിരുന്നു ബുംറ ഉണ്ടായിരുന്നത്. തൻ്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരെ ബുംറ കാഴ്ച്ചവെച്ചത്. 7.2 ഓവറുകളിൽ വെറും 19 റൺസ് മാത്രം വഴങ്ങിയ ബുംറ ആറ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

ട്രെൻഡ് ബോൾട്ട്, ഷഹീൻ അഫ്രീദി, ജോഷ് ഹേസൽവുഡ്, മുജീബ് ഉർ റഹ്മാൻ എന്നിവരാണ് ഏകദിന റാങ്കിങിൽ ആദ്യ അഞ്ചിലുള്ള മറ്റു ബൗളർമാർ. ബുംറയ്ക്കൊപ്പം ഇംഗ്ലണ്ടിനെതിരെ മൂന്ന് വിക്കറ്റ് നേടി തിളങ്ങിയ മൊഹമ്മദ് ഷാമി റാങ്കിങിൽ 23 ആം സ്ഥാനത്തെത്തി.

( Picture Source : Twitter )

മത്സരത്തിൽ 58 പന്തിൽ പുറത്താകാതെ 76 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റ്സ്മാന്മാരുടെ റാങ്കിങിൽ നാലാം സ്ഥാനത്ത് തുടർന്നു. മികച്ച പ്രകടനത്തോടെ 11 റേറ്റിങ് പോയിൻ്റ് കരസ്ഥമാക്കിയ രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തുള്ള വിരാട് കോഹ്ലിക്ക് തൊട്ടുപുറകിലെത്തി. 802 റേറ്റിങ് പോയിൻ്റാണ് നിലവിൽ രോഹിത് ശർമ്മഉക്കുള്ളത്. ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന കോഹ്ലിയ്ക്ക് 8 പോയിൻ്റ് നഷ്ടമായതോടെ മുൻ ക്യാപ്റ്റൻ്റെ റേറ്റിങ് പോയിൻ്റ് 803 ആയി മാറി. പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും ഓപ്പണർ ഇമാം ഉൾ ഹഖുമാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമുള്ളത്.

( Picture Source : Twitter )