Skip to content

മുൻപിൽ സച്ചിൻ മാത്രം, തകർപ്പൻ നേട്ടത്തിൽ ഇതിഹാസ താരങ്ങളെ പിന്നിലാക്കി ജോ റൂട്ട്

ഇന്ത്യയ്ക്കെതിരായ എഡ്ബാസ്റ്റൺ ടെസ്റ്റിലെ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ നേട്ടങ്ങളിൽ സുനിൽ ഗാവസ്കർ, റിക്കി പോണ്ടിങ് അടക്കമുള്ള ഇതിഹാസ താരങ്ങളെ പിന്നിലാക്കി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ട്. ആദ്യ ഇന്നിങ്സിൽ 31 റൺസ് നേടി പുറത്താ റൂട്ട് രണ്ടാം ഇന്നിങ്സിൽ 173 പന്തിൽ പുറത്താകാതെ 142 റൺസ് നേടിയിരുന്നു.

( Picture Source : Twitter )

ടെസ്റ്റ് കരിയറിലെ തൻ്റെ 28 ആം സെഞ്ചുറിയാണ് മത്സരത്തിൽ ജോ റൂട്ട് നേടിയത്. ഇതോടെ നിലവിലെ താരങ്ങളിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായി റൂട്ട് മാറി. 28 സെഞ്ചുറി വീതം നേടിയ വിരാട് കോഹ്ലിയെയും സ്റ്റീവ് സ്മിത്തിനെയുമാണ് റൂട്ട് പിന്നിലാക്കിയത്.

( Picture Source : Twitter )

മത്സരത്തിലെ പ്രകടനത്തോടെ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്റ്സ്മാനെന്ന റെക്കോർഡ് റൂട്ട് സ്വന്തമാക്കി. 38 മത്സരങ്ങളിൽ നിന്നും ഇംഗ്ലണ്ടിനെതിരെ 2483 റൺസ് നേടിയ സുനിൽ ഗവാസ്കറെയാണ് താരം പിന്നിലാക്കിയത്. മത്സരത്തിലെ പ്രകടനമടക്കം ഇന്ത്യയ്ക്കെതിരെ 25 മത്സരങ്ങളിൽ നിന്നും 2509 റൺസ് ജോ റൂട്ട് നേടിയിട്ടുണ്ട്. 2535 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇനി റൂട്ടിന് മുൻപിലുള്ളത്.

( Picture Source : Twitter )

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ ഒമ്പതാം സെഞ്ചുറിയാണ് എഡ്ബാസ്റ്റണിൽ റൂട്ട് നേടിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡും റൂട്ട് സ്വന്തമാക്കി. ഇന്ത്യയ്ക്കെതിരെ എട്ട് സെഞ്ചുറികൾ വീതം നേടിയിട്ടുള്ള റിക്കി പോണ്ടിങ്, വിവിയൻ റിച്ചാർഡ്സ്, സ്റ്റീവ് സ്മിത്ത്, ഗാരി സോബേഴ്സ് എന്നിവരെയാണ് റൂട്ട് പിന്നിലാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് ജോ റൂട്ട്. 2431 റൺസ് നേടിയ അലസ്റ്റയർ കുക്കിനെ പിന്നിലാക്കിയാണ് റൂട്ട് രണ്ടാം സ്ഥാനത്തെത്തിയത്. 2555 റൺസ് നേടിയിട്ടുള്ള മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് മാത്രമാണ് ഇനി റൂട്ടിന് മുൻപിലുള്ളത്.

( Picture Source : Twitter )