Skip to content

ആരെയും കുറ്റപെടുത്താനില്ല, ഇംഗ്ലണ്ട് നിർണായക നിമിഷങ്ങളിൽ വിജയിച്ചു, എഡ്ബാസ്റ്റണിലെ തോൽവിയെ കുറിച്ച് രാഹുൽ ദ്രാവിഡ്

ഇംഗ്ലണ്ടിനെതിരായ എഡ്ബാസ്റ്റൺ ടെസ്റ്റിലെ തോൽവിയിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. രണ്ട് ടീമുകളും നന്നായി കളിച്ചുവെന്നും എന്നാൽ നിർണായക നിമിഷങ്ങളിൽ മേധാവിത്വം പുലർത്താൻ ഇംഗ്ലണ്ടിന് സാധിച്ചുവെന്നും ദ്രാവിഡ് പറഞ്ഞു.

” ഈ ടെസ്റ്റിൽ വ്യത്യസ്തമായ ഘട്ടങ്ങൾ ഒരുപാടുണ്ടായിരുന്നു. രണ്ടാം ഇന്നിങ്സിൽ ആ ഏഴ് വിക്കറ്റുകൾ നഷ്ടമായി, പക്ഷേ മത്സരത്തിൻ്റെ തുടക്കം നോക്കിയാൽ 360+റൺസിൻ്റെ വിജയലക്ഷ്യം ഞങ്ങൾക്ക് മോശമായി തോന്നിയില്ല. എന്നിരുന്നാലും ആ വിജയലക്ഷ്യം പര്യാപ്തമായിരുന്നില്ല. ഒരു പക്ഷേ ഞങ്ങൾക്ക് നന്നായി ബൗൾ ചെയ്യാമായിരുന്നു, ബാറ്റിങിലും വേണ്ടവിധം ശോഭിക്കാൻ സാധിച്ചില്ല. ആരെയും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇംഗ്ലണ്ട് നിർണായക നിമിഷങ്ങളിൽ വിജയിച്ചു. ” ദ്രാവിഡ് പറഞ്ഞു.

കഴിഞ്ഞ വർഷം പരമ്പരയിലെ നാല് മത്സരങ്ങളിൽ രണ്ടിലും ഇന്ത്യ വിജയിച്ചിരുന്നു. എന്നാൽ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടന്ന അഞ്ചാം ടെസ്റ്റിൽ ആ പ്രകടനം തുടരാൻ സാധിച്ചില്ലെന്ന് മാത്രമല്ല അവസാന ഘട്ടത്തിൽ ദയനീയ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. എന്നാൽ കഴിഞ്ഞ വർഷത്തെ ടീമല്ല ഇംഗ്ലണ്ട് എന്നും രണ്ട് സമയത്തെ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും ദ്രാവിഡ് പറഞ്ഞു.

” തെറ്റിൽ നിന്നും ഒഴിഞ്ഞുമാറാൻ എനിക്ക് താൽപ്പര്യമില്ല, അന്ന് ഞാൻ ടീമിൻ്റെ ഭാഗമായിരുന്നില്ല. ആ ഘട്ടത്തിൽ ഇന്ത്യ മികച്ച ഫോമിലായിരുന്നു, ആ സമയത്ത് ഇംഗ്ലണ്ട് വ്യത്യസ്ത സാഹചര്യത്തിലായിരുന്നു. പക്ഷേ ഇവിടെ ന്യൂസിലൻഡിനെതിരെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പരാജയപെടുത്തിയ ആത്മവിശ്വാസത്തിലാണ് അവർ ഇവിടെയെത്തിയത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് ഞങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത്. പക്ഷേ അതൊരിക്കലും എക്സ്ക്യൂസല്ല. ” രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു.