Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യം, മക്കല്ലത്തിനും സ്റ്റോക്സിനും കീഴിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ട്

എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ നേടിയ 7 വിക്കറ്റിൻ്റെ തകർപ്പൻ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ 378 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നാണ് ഇംഗ്ലണ്ട് വിജയം നേടിയത്.

( Picture Source : Twitter )

ഇതിനുമുൻപ് ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും വിജയലക്ഷ്യം പിന്തുടർന്നാണ് ഇംഗ്ലണ്ട് വിജയിച്ചത്. ലോർഡസിൽ നടന്ന ആദ്യ മത്സരത്തിൽ 277 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന് വിജയിച്ച ഇംഗ്ലണ്ട്, നോട്ടിങ്ഹാമിൽ നടന്ന തൊട്ടടുത്ത മത്സരത്തിൽ 299 റൺസിൻ്റെയും ലീഡ്സിൽ നടന്ന അവസാന മത്സരത്തിൽ 296 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വിജയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ 378 റൺസ് ചേസ് ചെയ്ത് വിജയിച്ചതോടെ ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായ നാല് മത്സരങ്ങളിൽ 250 + റൺസിൻ്റെ വിജയലക്ഷ്യം ചേസ് ചെയ്ത് വിജയിക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി.

( Picture Source : Twitter )

ന്യൂസിലൻഡിനെതിരായ പരമ്പരയോടെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റനായി ബെൻ സ്റ്റോക്സും ഹെഡ് കോച്ചായി ബ്രണ്ടൻ മക്കല്ലവും സ്ഥാനം ഏറ്റെടുത്തത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ റൺ ചേസ് കൂടിയാണ് ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യമായാണ് ഇന്ത്യ 350+ റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയ ശേഷം ഒരു മത്സരത്തിൽ പരാജയപെടുന്നത്. ഇതിന് മുൻപ് 52 തവണ 350+ റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയ ഇന്ത്യ 37 തവണ വിജയിക്കുകയും 15 മത്സരങ്ങളിൽ സമനില പിടിക്കുകയും ചെയ്തിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ ഇംഗ്ലണ്ടിൻ്റെ അമ്പതാം വിജയം കൂടിയാണിത്. മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചതോടെ പരമ്പര സമനിലയിൽ കലാശിച്ചു.

( Picture Source : Twitter )