69 വർഷം പഴക്കമുള്ള അപൂർവ റെക്കോർഡ് സ്വന്തം പേരിൽ മാറ്റിക്കുറിച്ച് റിഷഭ് പന്ത് ; മറികടന്നത് വിജയ് മഞ്ജരേക്കറെ

ഇംഗ്ലണ്ടിന് എതിരായ നിർണായകമായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 7 വിക്കറ്റുകൾ ബാക്കി നിൽക്കെ 257 റൺസ് ലീഡുമായി മികച്ച നിലയിലാണ്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 284 റൺസിൽ എറിഞ്ഞൊതുക്കി 132 റൺസ് ലീഡാണ് നേടിയത്. പിന്നാലെ രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഇതുവരെ 3 വിക്കറ്റ് നഷ്ട്ടത്തിൽ 125 റൺസ് നേടിയിട്ടുണ്ട്.

139 പന്തിൽ 50 റൺസുമായി പുജാരയും, 46 പന്തിൽ 30 റൺസ് നേടി റിഷഭ് പന്തുമാണ് ക്രീസിൽ. ശുഭമാൻ ഗിൽ (4), വിഹാരി (11), കോഹ്ലി (20) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത്. ഗിലിനെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ ആന്ഡേഴ്സൻ വീഴ്ത്തിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 16 ഓവറുകൾക്ക് ശേഷം അമിത പ്രതിരോധത്തിൽ ബാറ്റേന്തിയ വിഹരിയെയും പുറത്താക്കി ബ്രോഡ് മുന്നേറ്റം നൽകി.

മോശം ഫോമിൽ തുടരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തുടക്കത്തിൽ മികച്ച താളത്തിൽ ബാറ്റ് ചെയ്തുവെങ്കിലും 20 റൺസിൽ നിൽക്കേ സ്റ്റോക്സിന്റെ അപ്രതീക്ഷിത ഡെലിവറിയിൽ സ്ലിപ്പിൽ ക്യാച്ചിലൂടെ പുറത്തായി. ആദ്യ ഇന്നിംഗ്‌സിൽ 11 റൺസ് മാത്രമാണ് നേടിയത്. 3ന് 75 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ റിഷഭ് പന്തും പൂജാരയും ചേർന്ന് വിക്കറ്റ് നഷ്ട്ടപ്പെടാതെ 125 റൺസിൽ എത്തിച്ചിട്ടുണ്ട്. ഇരുവരും ചേർന്ന് 50 റൺസ് കൂട്ടിച്ചേർത്തു.

അതേസമയം റിഷഭ് പന്ത് ഈ മത്സരത്തിൽ അപൂർവ നേട്ടത്തിൽ എത്തിയിരിക്കുകയാണ്. ഇതുവരെ 2 ഇന്നിങ്സിൽ നിന്നായി റിഷഭ് പന്ത് 176 റൺസാണ് അടിച്ചു കൂട്ടിയത് (146+ 30*). ഏഷ്യയ്ക് പുറത്ത് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഒരു ടെസ്റ്റ് മത്സരത്തിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.

വിജയ് മഞ്ചേരെക്കർ1953 നേടിയ 161 റൺസായിരുന്നു ഇതുവരെ റെക്കോർഡ് ലിസ്റ്റിൽ മുന്നിൽ ഉണ്ടായിരുന്നത്. മുൻ ഇന്ത്യൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ധോണി 151 റൺസ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ വെച്ചാണിത്. 2019 റിഷഭ് ഓസ്‌ട്രേലിയയിൽ  നേടിയ 159 റൺസ് ഈ ലിസ്റ്റിൽ മൂന്നാമതാണ്.