Skip to content

മുൻഗണന രാജ്യത്തിന്, ഐ പി എല്ലിന് പുറകെ ബിഗ് ബാഷ് ലീഗിൽ നിന്നും പിൻമാറി മിച്ചൽ സ്റ്റാർക്ക്

ഇന്ത്യൻ പ്രീമിയർ ലീഗിന് പുറമെ ബിഗ് ബാഷ് ലീഗിൽ നിന്നും പിൻമാറി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ഓസ്ട്രേലിയക്ക് വേണ്ടി ഫിറ്റ്നസ് നിലനിർത്തുന്നതിന് വേണ്ടിയാണ് വരാനിരിക്കുന്ന ബിഗ് ബാഷ് ലീഗിലും താൻ കളിക്കില്ലെന്ന് സ്റ്റാർക്ക് വ്യക്തമാക്കിയത്. സ്റ്റീവ് സ്മിത്ത് അടക്കമുള്ള മുതിർന്ന താരങ്ങളെ ഇക്കുറി ബിഗ് ബാഷ് ലീഗിൽ അണിനിരത്താനുള്ള പദ്ധതികൾക്കിടെയാണ് സ്റ്റാർക്ക് ബിഗ് ബാഷ് ലീഗിലും കളിക്കുകയില്ലെന്ന് വ്യക്തമാക്കിയത്.

” ബിഗ് ബാഷ് ലീഗിൽ കളിച്ചിരുന്നപ്പോഴെല്ലാം അത് ഞാൻ ആസ്വദിച്ചിരുന്നു. ഫ്രാഞ്ചൈസി ക്രിക്കറ്റിനോടുള്ള എൻ്റെ സമീപനം കഴിഞ്ഞ ഏഴ് വർഷമായി മാറിയിട്ടില്ല. ഓസ്ട്രേലിയയുടെ ഷെഡ്യൂൾ ഞാൻ പരിശോധിച്ചു. ടീമിനായി ഫിറ്റായിരിക്കാനും കഴിയുന്നത്ര മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനും ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ഫ്രാഞ്ചൈസി ക്രിക്കറ്റിനോട് ഇപ്പോൾ നോ പറയേണ്ടതുണ്ട്. ”

” അടുത്ത 18 മാസത്തെ ഷെഡ്യൂൾ വളരെ പരിഹാസ്യമാണ്. ഓസ്ട്രേലിയൻ ക്രിക്കറ്റിനാണ് ഞാൻ മുൻഗണന നൽകുന്നത്, ഫ്രാഞ്ചൈസി ക്രിക്കറ്റ് അത് കഴിഞ്ഞേ ഉള്ളൂ. വീട്ടിൽ ഭാര്യയ്ക്കൊപ്പം സമയം ചിലവഴിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ” സ്റ്റാർക്ക് പറഞ്ഞു.

പരിക്ക് മൂലം ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാല് മത്സരങ്ങളും ഏകദിന പരമ്പരയും സ്റ്റാർക്കിന് നഷ്ടപെട്ടിരുന്നു. 2015 ലാണ് അവസാനമായി സ്റ്റാർക്ക് ഐ പി എല്ലിൽ കളിച്ചത്. പിന്നീട് 2018 ൽ ലേലത്തിൽ കെ കെ ആർ താരത്തെ സ്വന്തമാക്കിയെങ്കിലും പരിക്ക് മൂലം സ്റ്റാർക്കിന് സീസൺ നഷ്ടപെട്ടിരുന്നു. കഴിഞ്ഞ മെഗാ ലേലത്തിൽ സ്റ്റാർക്ക് പങ്കെടുത്തിരുന്നില്ല.