ക്രീസിൽ നിലയുറപ്പിച്ച് പുജാരയും പന്തും, എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ മികച്ച ലീഡിലേക്ക് കുതിച്ച് ഇന്ത്യ. മൂന്നാം ദിനം കളി നിർത്തുമ്പോൾ 132 റൺസിൻ്റെ ലീഡ് നേടി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 125 റൺസ് നേടിയിട്ടുണ്ട്. 257 റൺസിൻ്റെ ലീഡ് നിലവിൽ ഇന്ത്യയ്ക്കുണ്ട്.

( Picture Source : Twitter )

50 റൺസ് നേടിയ ചേതേശ്വർ പുജാരയും 46 പന്തിൽ 30 റൺസ് നേടിയ റിഷഭ് പന്തുമാണ് ക്രീസിലുള്ളത്. 4 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 11 റൺസ് നേടിയ ഹനുമാ വിഹാരി, 20 റൺസ് നേടിയ വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിൽ നഷ്ടമായത്. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്സൺ, സ്റ്റുവർട്ട് ബ്രോഡ്, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തേ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 284 റൺസിൽ ഒത്തുക്കിയാണ് 132 റൺസിൻ്റെ നിർണായക ലീഡ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജ് നാല് വിക്കറ്റും ക്യാപ്റ്റൻ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും മൊഹമ്മദ് ഷാമി രണ്ട് വിക്കറ്റും ഷാർദുൽ താക്കൂർ ഒരു വിക്കറ്റും നേടി.

( Picture Source : Twitter )

സെഞ്ചുറി നേടിയ ജോണി ബെയർസ്റ്റോ മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ തുടർച്ചയായ മൂന്നാം സെഞ്ചുറി നേടിയ ബെയർസ്റ്റോ 104 റൺസ് നേടിയാണ് പുറത്തായത്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ ഇന്ത്യ നേടിയത്. പന്ത് 146 റൺസ് നേടിയപ്പോൾ രവീന്ദ്ര ജഡേജ 104 റൺസ് നേടിയിരുന്നു.

( Picture Source : Twitter )