രണ്ടാം ഇന്നിങ്സിലും തിളങ്ങാനാകാതെ വിരാട് കോഹ്ലി, പുറത്തായത് സ്റ്റോക്സിൻ്റെ തകർപ്പൻ പന്തിൽ, വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സിലും തിളങ്ങാനാകാതെ വിരാട് കോഹ്ലി. ആദ്യ ഇന്നിങ്സിൽ 11 റൺസ് നേടി പുറത്തായ കോഹ്ലി രണ്ടാം ഇന്നിങ്സിൽ 20 റൺസ് നേടിയാണ് പുറത്തായത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് കോഹ്ലിയുടെ വിക്കറ്റ് നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇത് ആറാം തവണയാണ് സ്റ്റോക്സ് കോഹ്ലിയെ പുറത്താക്കുന്നത്.

( Picture Source : Twitter )

ബ്രോഡിനെതിരെയും ജെയിംസ് ആൻഡേഴ്സനെതിരെയും മനോഹരമായ ഷോട്ടുകളിലൂടെ തിരിച്ചുവരവിൻ്റെ പ്രതീക്ഷകൾ നൽകിയ കോഹ്ലിയ്‌ക്ക് ഇംഗ്ലണ്ട് ക്യാപ്റ്റൻ്റെ ഈ പന്തിന് മറുപടി നൽകാൻ സാധിച്ചില്ല. എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പർ സാം ബില്ലിങ്സ് ഡ്രോപ്പ് ചെയ്തുവെങ്കിലും തക്കസമയത്ത് ഫസ്റ്റ് സ്ലിപ്പിൽ ഉണ്ടായിരുന്ന ജോ റൂട്ട് പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. മോശം ഫോമിനൊപ്പം കോഹ്ലിയുടെ നിർഭാഗ്യം വിളിച്ചോതുന്നതായിരുന്നു ഈ വിക്കറ്റ്.

വീഡിയോ ;

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 284 റൺസിൽ ഒതുക്കിയ ഇന്ത്യ 132 റൺസിൻ്റെ നിർണായക ലീഡ് സ്വന്തമാക്കിയിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുമാണ് ഇംഗ്ലണ്ടിനെ ചുരുക്കികെട്ടിയത്. മൊഹമ്മദ് ഷാമി രണ്ട് വിക്കറ്റും ഷാർദുൽ താക്കൂർ ഒരു വിക്കറ്റും നേടി.

( Picture Source : Twitter )

140 പന്തിൽ 14 ഫോറും 2 സിക്സുമടക്കം 106 റൺസ് നേടിയ ജോണി ബെയർസ്റ്റോ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. സാം ബില്ലിങ്സ് 36 റൺസും ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 25 റൺസും ജോ റൂട്ട് 31 റൺസും നേടി പുറത്തായി.

( Picture Source : Twitter )