Skip to content

മൈക്കൽ ക്ലാർക്കിന് ശേഷം ഇതാദ്യം, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജോണി ബെയർസ്റ്റോ

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോ. ടെസ്റ്റ് കരിയറിലെ തൻ്റെ പതിനൊന്നാം സെഞ്ചുറി നേടിയ ബെയർസ്റ്റോ 140 പന്തിൽ 106 റൺസ് നേടിയാണ് പുറത്തായത്. ഈ വർഷം ജോണി ബെയർസ്‌റ്റോ നേടുന്ന അഞ്ചാം ടെസ്റ്റ് സെഞ്ചുറി കൂടിയാണിത്.

( Picture Source : Twitter )

ഈ വർഷം തുടക്കത്തിൽ ആഷസ് പരമ്പരയിൽ സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ താരം തൊട്ടടുത്ത പരമ്പരയിൽ വിൻഡീസിനെതിരെ ആന്റിഗ്വയിലും പിന്നീട് ന്യൂസിലൻഡിനെതിരായ പരമ്പരയിലെ നോട്ടിങ്ഹാം ടെസ്റ്റിലും ലീഡ്സ് ടെസ്റ്റിലും സെഞ്ചുറി നേടിയിരുന്നു. ഈ വർഷം നേടിയ അഞ്ച് സെഞ്ചുറികളോടെ ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ചാമനായോ അതിൽ താഴെയോ ബാറ്റിങ് പൊസിഷനുകളിൽ ഇറങ്ങി ഒരു വർഷം ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് ബെയർസ്റ്റോ സ്വന്തമാക്കി.

( Picture Source : Twitter )

2012 അഞ്ച് സെഞ്ചുറി നേടിയ മുൻ ഓസ്ട്രേലിയൻ താരം മൈക്കൽ ക്ലാർക്കിൻ്റെ റെക്കോർഡിനൊപ്പമാണ് ജോണി ബെയർസ്റ്റോ എത്തിയത്.

മത്സരത്തിലെ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഈ വർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുവാൻ ബെയർസ്റ്റോയ്ക്ക് സാധിച്ചു. 8 മത്സരങ്ങളിൽ നിന്നും 5 സെഞ്ചുറിയടക്കം 67.69 ശരാശരിയിൽ 880 റൺസ് ഈ വർഷം താരം നേടിയിട്ടുണ്ട്. 822 റൺസ് നേടിയ ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജയും 785 റൺസ് നേടിയ ജോ റൂട്ടുമാണ് ബെയർസ്റ്റോയ്ക്ക് പുറകിലുള്ളത്.

( Picture Source : Twitter )