Skip to content

പുജാരയെ പോലെ കളിച്ചവനെ പന്തിനെ പോലെയാക്കി, വിരാട് കോഹ്ലിയെ ട്രോളി വീരേന്ദർ സെവാഗ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ ജോണി ബെയർസ്റ്റോയെ സ്ലെഡ്ജ് ചെയ്ത മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ട്രോളി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. വിരാട് കോഹ്ലി സ്ലെഡ്ജ് ചെയ്തതിന് ശേഷമുളള ബെയർസ്റ്റോയുടെ സ്ട്രൈക്ക് റേറ്റ് പങ്കുവെച്ചുകൊണ്ടാണ് മുൻ ഇന്ത്യൻ നായകനെ സെവാഗ് ട്രോളിയത്.

( Picture Source : Twitter )

മൂന്നാം ദിനത്തിലെ തുടക്കത്തിലാണ് കളിക്കളത്തിൽ കോഹ്ലിയും ബെയർസ്റ്റോയും തമ്മിൽ കൊമ്പുകോർത്തത്. ഇരുവരും തമ്മിൽ വാക്കുകൾ കൈമാറുകയും പിന്നാലെ അമ്പയർമാർ ഇടപെടുകയും ചെയ്തിരുന്നു. ബെയർസ്റ്റോയോട് മിണ്ടാതെ ബാറ്റ് ചെയ്യുവാൻ കോഹ്ലി ചുണ്ടത്ത് കൈവച്ചുകൊണ്ട് ആവശ്യപെടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ്റെ വാക്കുകൾക്ക് ബാറ്റ്കൊണ്ടാണ് ബെയർസ്റ്റോ മറുപടി നൽകിയത്. ആദ്യ 65 പന്തിൽ 16 റൺസ് നേടിയ താരം പിന്നീട് നേരിട്ട 54 പന്തിൽ 84 റൺസ് നേടി സെഞ്ചുറി പൂർത്തിയാക്കി. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ തുടർച്ചയായ മൂന്നാം സെഞ്ചുറി നേടിയ ബെയർസ്റ്റോ 140 പന്തിൽ 104 റൺസ് നേടിയാണ് പുറത്തായത്. ബെയർസ്റ്റോയുടെ ഈ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് കോഹ്ലിയെ ട്രോളി സെവാഗ് രംഗത്തെത്തിയത്.

( Picture Source : Twitter )

കോഹ്ലി സ്ലെഡ്ജ് ചെയ്യുന്നതിന് മുൻപ് ബെയർസ്റ്റോയുടെ സ്ട്രൈക്ക് 21 മാത്രമായിരുന്നുവെന്നും കോഹ്ലി സ്ലെഡ്ജ ചെയ്ത ശേഷം സ്ട്രൈക്ക് റേറ്റ് 150 ആയെന്നും പുജാരയെ പോലെ ബാറ്റ് ചെയ്തവനെ അനാവശ്യമായി സ്ലെഡ്ജ് ചെയ്ത് പന്തിനെ പോലെ ബാറ്റ് ചെയ്യിപ്പിച്ചുവെന്നും ട്വിറ്ററിൽ സെവാഗ് കുറിച്ചു.

140 പന്തിൽ 106 റൺസ് നേടിയ ബെയർസ്റ്റോയുടെ മികവിലാണ് ആദ്യ ഇന്നിങ്സിൽ 284 റൺസ് നേടി ഇന്ത്യയുടെ ലീഡ് 150 ന് താഴെയെത്തിക്കാൻ ഇംഗ്ലണ്ടിന് സാധിച്ചത്. 132 റൺസിൻ്റെ ലീഡാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയത്. മൊഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടിയപ്പോൾ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും മൊഹമ്മദ് ഷാമി രണ്ട് വിക്കറ്റും താക്കൂർ ഒരു വിക്കറ്റും നേടി.

( Picture Source : Twitter )