Skip to content

റൂട്ടിനെ വീഴ്ത്തി മൊഹമ്മദ് സിറാജ്, അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ പിടിമുറുക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 416 റൺസ് നേടിയ ഇന്ത്യ മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിൻ്റെ പകുതി ബാറ്റ്സ്മാന്മാരെയും പുറത്താക്കി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് നേടിയിട്ടുണ്ട്. 12 റൺസ് നേടിയ ജോണി ബെയർസ്റ്റോയും ക്യാപ്റ്റൻ ബെൻ സ്റ്റോക്സുമാണ് ഇംഗ്ലണ്ടിന് വേണ്ടി ക്രീസിലുള്ളത്.

( Picture Source : Twitter )

ഓപ്പണർമാരായ അലക്സ് ലീസ്, സാക് ക്രോളി, ഒല്ലി പോപ്പ് എന്നിവരെ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ പുറത്താക്കിയപ്പോൾ തകർപ്പൻ ഫോമിലുള്ള ജോ റൂട്ടിനെ പുറത്താക്കികൊണ്ട് ഇംഗ്ലണ്ടിൻ്റെ മുൻനിരയുടെ പതനം മൊഹമ്മദ് സിറാജ് പൂർത്തിയാക്കി. നൈറ്റ് വാച്ച്മാനായി എത്തിയ ജാക്ക് ലീച്ചിനെ റൺസ് നേടുന്നതിന് മുൻപേ മൊഹമ്മദ് ഷാമി പുറത്താക്കി.

( Picture Source : Twitter )

22ആം ഓവറിലെ അവസാന പന്തിലാണ് 31 റൺസ് നേടിയ ജോ റൂട്ടിനെ മൊഹമ്മദ് സിറാജ് പുറത്താക്കിയത്.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 98 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടപെട്ട ഇന്ത്യയെ സെഞ്ചുറി നേടിയ റിഷഭ് പന്തും രവീന്ദ്ര ജഡേജയുമാണ് മികച്ച സ്കോറിൽ എത്തിച്ചത്. പന്ത് 111 പന്തിൽ 146 റൺസ് നേടി പുറത്തായപ്പോൾ രവീന്ദ്ര ജഡേജ 104 റൺസ് നേടി. ക്യാപ്റ്റൻ ജസ്പ്രീത് ബുംറ 16 പന്തിൽ 31 റൺസ് നേടി തകർത്തടിച്ചതോടെയാണ് ഇന്ത്യൻ സ്കോർ 400 കടന്നത്.

ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്സൺ അഞ്ച് വിക്കറ്റും മാറ്റ് പോട്ട്‌സ് രണ്ട് വിക്കറ്റും നേടി.

( Picture Source : Twitter )