Skip to content

അത് യുവിയോ അതോ ബുംറയോ, ബ്രോഡിനെതിരായ ബുംറയുടെ തകർപ്പൻ പ്രകടനത്തെ കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ

സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ 35 റൺസ് നേടികൊണ്ട് ലോക റെക്കോർഡ് സ്വന്തമാക്കിയ ബുംറയുടെ തകർപ്പൻ പ്രകടനത്തിൽ ആവേശനായി ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറും. ബുംറയുടെ തകർപ്പൻ പ്രകടനം 2007 ൽ സ്റ്റുവർട്ട് ബ്രോഡിനെതിരെ 6 സിക്സ് നേടിയ യുവരാജ് സിങിൻ്റെ ഓർമ്മകൾ സമ്മാനിച്ചുവെന്നും ട്വിറ്ററിൽ ആവേശത്തോടെ സച്ചിൻ ടെണ്ടുൽക്കർ കുറിച്ചു.

( Picture Source : Twitter )

ടെസ്റ്റ് ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബൗളറെന്ന നാണകേടിൻ്റെ റെക്കോർഡ് ബ്രോഡ് ഏറ്റുവാങ്ങിയിരിക്കുകയാണ്. ഒരു വൈഡ് ബോൾ ബൗണ്ടറിയും നോ ബോളും അടക്കമാണ് 35 റൺസ് ബ്രോഡ് വഴങ്ങികൂട്ടിയത്. നാല് ഫോറും രണ്ട് സിക്സുമടക്കം 29 റൺസാണ് ബുംറയുടെ ബാറ്റിൽ നിന്നും ഓവറിൽ പിറന്നത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രറെക്കോർഡ് ബുംറ സ്വന്തമാക്കിയിരുന്നു.

2007 ൽ ഡർബനിൽ നടന്ന മത്സരത്തിലാണ് സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ 6 സിക്സ് പറത്തി 36 റൺസ് യുവരാജ് സിങ് നേടിയത്. അന്താരാഷ്ട്ര ടി20 യിലെ ഏറ്റവും എക്സ്പെൻസീവ് ഓവറുകളിൽ ഒന്നാണിത്. കഴിഞ്ഞ വർഷം ശ്രീലങ്കൻ ബൗളർ ധനഞ്ജയക്കെതിരെ പൊള്ളാർഡ് 6 പന്തിൽ 6 സിക്സ് നേടിയതോടെയാണ് ഈ റെക്കോർഡിൽ ബ്രോഡിന് കൂട്ട് ലഭിച്ചത്.

” അത് ബുംറയോ അതോ യുവിയോ, 2007 ഓർമവരുന്നു ” ട്വിറ്ററിൽ സച്ചിൻ ടെണ്ടുൽക്കർ കുറിച്ചു.

മൊഹമ്മദ് ഷാമിയെ പുറത്താക്കി ടെസ്റ്റ് ക്രിക്കറ്റിൽ 550 വിക്കറ്റ് പൂർത്തിയാക്കിയതിന് പുറകെയാണ് ഇങ്ങനെയൊരു നാണക്കേടിൻ്റെ റെക്കോർഡ് ബുംറ ബ്രോഡിന് സമ്മാനിച്ചത്. ഗ്ലെൻ മഗ്രാത്തും ജെയിംസ് ആൻഡേഴ്സണും മാത്രമാണ് ഇതിനുമുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ 550 വിക്കറ്റ് നേടിയിട്ടുള്ള ഫാസ്റ്റ് ബൗളർ.

( Picture Source : Twitter )