ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിൽ വിജയസാധ്യത ആതിഥേയരായ ഇംഗ്ലണ്ടിന് തന്നെയാണെന്ന് മുൻ താരം ഗ്രെയിം സ്വാൻ. സോണി സ്പോർട്സിൽ സംസാരിക്കവെയാണ് ഇരുടീമുകളുടെയും വിജയസാധ്യതകളെ കുറിച്ച് മുൻ താരം വിലയിരുത്തിയത്. ഇംഗ്ലണ്ടിൽ എതിരാളികൾക്കിത് ഏറ്റവും മോശം സമയമാണിതെന്നും ഏറ്റവും മികച്ച ഫോമിലുള്ള ഇംഗ്ലണ്ട് നിരയെ നേരിടുകയെന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയായിരിക്കുമെന്നും മുൻ ഇംഗ്ലണ്ട് സ്പിന്നർ പറഞ്ഞു.

” ഇംഗ്ലണ്ട് ഇപ്പോൾ മികച്ച ഫോമിലാണ്. അവർ ഫേവറിറ്റുകളാണെന്ന് ഞാൻ പറയും കാരണം ന്യൂസിലൻഡിനെതിരായ ആ പരമ്പര തന്നെ. കൂടാതെ ഇന്ത്യയ്ക്ക് ഒരേയൊരു പരിശീലന മത്സരം മാത്രമാണ് ലഭിച്ചത്. അതൊരു പോരായ്മയാണ്. ഇംഗ്ലണ്ടിനാകട്ടെ മൂന്ന് മത്സരങ്ങൾ ലഭിച്ചു, അതുകൊണ്ട് ഫേവറിറ്റുകൾ ഇംഗ്ലണ്ട് തന്നെയാണ്. ”
” ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന എതിരാളികൾക്ക് ഇത് മോശം സമയമാണ്. ന്യൂസിലൻഡിനെതിരെ അവർക്ക് മൂന്ന് മത്സരങ്ങൾ ലഭിച്ചു. ജോ റൂട്ട് ഏറ്റവും മികച്ച ഫോമിലുള്ള ഒല്ലി പോപ്പ് ഇംഗ്ലണ്ടിന് വേണ്ടി തൻ്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന ബെൻ സ്റ്റോക്സിന് കീഴിൽ അൾട്രാ പോസിറ്റീവായി കളിക്കുന്ന ഇംഗ്ലണ്ടിനെയാണ് നിങ്ങൾ നേരിടാൻ പോകുന്നത്. ” സ്വാൻ പറഞ്ഞു.

” ഇംഗ്ലണ്ടിനെ സംബന്ധിച്ച് കാര്യങ്ങൾ വളരെ ലളിതമാണ്. ജോ റൂട്ടും ബെൻ സ്റ്റോക്സും ഫോം തുടർന്നാൽ അവർക്കൊന്നും ചിന്തിക്കേണ്ടതില്ല. സ്റ്റോക്സ് ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നു. ജോ റൂട്ടാകട്ടെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ കാര്യത്തിൽ കോഹ്ലിയും ബുംറയുമായിരിക്കും പ്രധാന കളിക്കാർ. ജോ റൂട്ട് കളിക്കുന്ന അതേ സ്വാതന്ത്ര്യത്തിൽ കോഹ്ലി കളിക്കുകയാണെങ്കിൽ അത് നമുക്കെല്ലാവർക്കും നല്ലൊരു വിരുന്നായിറിക്കും. വിരാട് മികച്ച പ്ലേയറാണ്. ഡൂക് ബോളിൽ ബുംറ ലൈനും ലെങ്തും കണ്ടെത്തിയാൽ അവനെ നേരിടുക പ്രയാസമായിരിക്കും. ” ഗ്രെയിം സ്വാൻ കൂട്ടിച്ചേർത്തു.
