Skip to content

എതിരാളികൾ ആരായാലും ഈ ശൈലിയിൽ മാറ്റമുണ്ടാകില്ല, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ബെൻ സ്റ്റോക്സ്

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ വിജയം സ്വന്തമാക്കിയതിന് പുറകെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. എതിരാളികൾ ആയിരുന്നാലും ആക്രമിച്ചുതന്നെ തങ്ങൾ കളിക്കുമെന്നും തങ്ങളുടെ ശൈലിയിൽ മാറ്റമുണ്ടാകില്ലയെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു.

ഇതുവരെ കാണാത്ത ഇംഗ്ലണ്ടിനെയാണ് ഈ പരമ്പരയിൽ കാണുവാൻ സാധിച്ചത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്തുകൊണ്ടാണ് ഇംഗ്ലണ്ട് വിജയിച്ചത്. ബെയർസ്റ്റോ അടക്കമുള്ള താരങ്ങൾ ഏകദിന ശൈലിയിൽ ബാറ്റ് വീശിയപ്പോൾ കൈവിട്ട സാഹചര്യങ്ങളിൽ പോലും ഇംഗ്ലണ്ട് ശക്തമായി തിരിച്ചെത്തി. മൂന്നാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ 55 റൺസിന് 6 വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് 157 പന്തിൽ 162 റൺസ് നേടിയ ബെയർസ്റ്റോയുടെ മികവിൽ 360 റൺസ് ഇംഗ്ലണ്ട് നേടിയത്. മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ 296 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി 44 പന്തിൽ 71 റൺസ് ബെയർസ്റ്റോ നേടിയിരുന്നു.

( Picture Source : Twitter )

” എതിരാളികൾ ആരായാലും ഇതേ ചിന്താഗതിയോടെയായിരിക്കും ഞങ്ങൾ കളിക്കുക. അതിൽ ഞാൻ ഉറപ്പുതരുന്നു. ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തപ്പോൾ മത്സരഫലങ്ങളെ കുറിച്ചല്ല ടെസ്റ്റ് ക്രിക്കറ്റിനോടുള്ള ചിന്താഗതി മാറ്റുന്നതിനാണ് ഞാൻ ശ്രദ്ധ നൽകിയത്. രാജ്യത്തെ പ്രതിനിധീകരിക്കുകായാണെന്ന വസ്തുത മനസ്സിൽ വെച്ചുകൊണ്ട് ആസ്വദിക്കേണ്ടതുണ്ട്, അങ്ങനെയെങ്കിൽ വിജയം താനെ വന്നുകൊള്ളും. ഞങ്ങൾക്കത് ഇത്രയും വേഗത്തിൽ ചെയ്യാൻ സാധിച്ചുവെന്നത് അവിശ്വസനീയമാണ്. ” ബെൻ സ്റ്റോക്സ് പറഞ്ഞു.

( Picture Source : Twitter )

ജൂലൈ ഒന്നിനാണ് മാറ്റിവെച്ച അഞ്ചാം ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ പരമ്പരയിൽ ഇപ്പോൾ മുൻപിലാണ്. മത്സരത്തിൽ വിജയിക്കുകയോ സമനില നേടുകയോ ചെയ്താൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് കോവിഡ് ബാധിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. രോഹിത് ശർമ്മയ്ക്ക് കളിക്കാൻ സാധിച്ചില്ലയെങ്കിൽ ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യയെ നയിക്കുക.

( Picture Source : Twitter )