Skip to content

ഡി കെ അവനെ പിന്നിലാക്കി കഴിഞ്ഞു, അവർ തിരിച്ചെത്തുന്നതോടെ പ്ലേയിങ് ഇലവനിലും അവൻ ഉണ്ടായേക്കില്ല, പന്തിനെ കുറിച്ച് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ടി20 ടീമിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്തിൻ്റെ സ്ഥാനം അപകടത്തിലാണെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. അടുത്ത പരമ്പരയ്ക്കായി ടി20 ടീമിനെ പ്രഖ്യാപിക്കുമ്പോൾ പ്ലേയിങ് ഇലവനിൽ ഇടം നേടുവാൻ പന്ത് ബുദ്ധിമുട്ടുമെന്നും നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ഇപ്പോൾ തന്നെ പന്തിനെ പിന്നിലാക്കി കഴിഞ്ഞുവെന്നും വസീം ജാഫർ അഭിപ്രായപെട്ടു.

സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ പന്ത് നിരാശപെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. അഞ്ചാം മത്സരത്തിലെ പ്രകടനം താരത്തിനെ സംബന്ധിച്ച് നിർണായകമാണ്. ടെസ്റ്റ് ടീമിൽ തൻ്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞ പന്തിന് ആ മികവ് ലിമിറ്റഡ് ഓവറിൽ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.

” അടുത്ത തവണ ടി20 ടീമിനെ തിരഞ്ഞെടുക്കുമ്പോൾ ഡി കെ ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് യാതൊരു സംശയവും കൂടാതെ ഞാൻ പറയും. രോഹിത് ശർമ്മ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവരടക്കം നാല് താരങ്ങൾ ടീമിൽ ഉറപ്പായും തിരികെയെത്തും. അതുകൊണ്ട് തന്നെ ആദ്യ ഇലവനിൽ ഇടം നേടുവാൻ റിഷഭ് പന്ത് ബുദ്ധിമുട്ടും. ” വസീം ജാഫർ പറഞ്ഞു.

” താൽക്കാലത്തെക്കെങ്കിലും റിഷഭ് പന്തിനെ ഡി കെ പിന്നിലാക്കി കഴിഞ്ഞു. ഭാവിയിൽ എന്തുസംഭവിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ ഇപ്പോൾ ഏതൊരു സമയത്തും പന്തിനേക്കാൾ നിങ്ങൾ ഡി കെയെ തിരഞ്ഞെടുക്കും. ” അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നിവർ ടീമിൽ തിരികെ വരാനിരിക്കെ ദിനേശ് കാർത്തിക്കിനും പന്തിനും ഒരേ സമയം പ്ലേയിങ് ഇലവനിൽ ഉണ്ടായിരിക്കാൻ സാധ്യതയില്ല. ഹാർദിക് പാണ്ഡ്യയാകട്ടെ തൻ്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.