Skip to content

ടീമിനെ കുറിച്ച് മാത്രം ചിന്തിക്കൂ, മികച്ച കളിക്കാരനാകുവാൻ സഹായിച്ച എം എസ് ധോണിയുടെ വാക്കുകൾ വെളിപ്പെടുത്തി ഹാർദിക് പാണ്ഡ്യ

ക്രിക്കറ്റിൽ മികച്ച പ്ലേയറാകുവാൻ സഹായിച്ച ഇന്ത്യൻ ഇതിഹാസ താരം എം എസ് ധോണിയുടെ വാക്കുകൾ വെളിപ്പെടുത്തി ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. സൗത്താഫ്രിക്കയ്ക്കെതിരായ നാലാം ടി20 യ്ക്ക് ശേഷം ദിനേശ് കാർത്തിക്കുമായുള്ള ചാറ്റിലാണ് കരിയറിൻ്റെ തുടക്കത്തിൽ ധോണി തനിക്ക് നൽകിയ വിലപ്പെട്ട വാക്കുകൾ ഹാർദിക് പാണ്ഡ്യ വെളിപെടുത്തിയത്.

” കരിയറിൻ്റെ തുടക്കത്തിൽ മഹി ഭായ് ഒരു കാര്യം എന്നെ പഠിപ്പിച്ചു. ഒരു ലളിതമായ ചോദ്യം ഞാൻ അദ്ദേഹത്തോട് ചോദിച്ചു, ‘ എങ്ങനെയാണ് സമ്മർദ്ദത്തിൽ നിന്നും രക്ഷപെടുന്നത് ? ലളിതമായ ഉത്തരമാണ് അദ്ദേഹവും എനിക്ക് നൽകിയത്. ”

” നിങ്ങളുടെ സ്കോറിനെ കുറിച്ച് ചിന്തിക്കുന്നത് നിർത്തൂ. നിങ്ങളുടെ ടീമിന് എന്താണ് വേണ്ടതെന്നതിനെ കുറിച്ച് ചിന്തിക്കൂ. ആ പാഠം എൻ്റെ മനസ്സിൽ ഉറച്ചുനിൽക്കുകയും ഒരു മികച്ച കളിക്കാരനാകുവാൻ എന്നെ സഹായിക്കുകയും ചെയ്തു. ഏതൊരു സാഹചര്യത്തിൽ പോയാലും അതിനനുസരിച്ചാണ് ഞാൻ കളിക്കുക. ” ഹാർദിക് പാണ്ഡ്യ പറഞ്ഞു.

നാലാം ടി20 യിൽ 31 പന്തിൽ നിന്നും 46 റൺസ് നേടി മികച്ച പ്രകടനമാണ് ഹാർദിക് കാഴ്ച്ചവെച്ചത്. അഞ്ചാം വിക്കറ്റിൽ ദിനേശ് കാർത്തിക്കിനൊപ്പം 65 റൺസ് ഹാർദിക് കൂട്ടിച്ചേർത്തിരുന്നു.

പരിക്കിനെ തുടർന്ന് ക്രിക്കറ്റിൽ നിന്നും മാറിനിൽക്കേണ്ടി വന്ന ഹാർദിക് തകർപ്പൻ തിരിച്ചുവരവാണ് പിന്നീട് നടത്തിയത്. ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലെത്തിച്ച ഹാർദിക് സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുകയും ചെയ്തു. ഇനി ഈ മാസം 26 ന് ആരംഭിക്കുന്ന അയർലൻഡ് പര്യടനത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ഹാർദിക് പാണ്ഡ്യയാണ്.