Skip to content

മതിയായ അവസരം നൽകാതെ അദ്ദേഹം ആരെയും ഒഴിവാക്കില്ല, തകർപ്പൻ പ്രകടനത്തിൽ കോച്ച് രാഹുൽ ദ്രാവിഡിന് നന്ദി പറഞ്ഞ് ആവേശ് ഖാൻ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിലെ തൻ്റെ തകർപ്പൻ പ്രകടനത്തിൻ്റെ ക്രെഡിറ്റ് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന് നൽകി ഇന്ത്യൻ പേസർ ആവേശ് ഖാൻ. പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപെട്ടെങ്കിലും ടീമിൽ യാതൊരു മാറ്റവും ദ്രാവിഡ് വരുത്തിയിരുന്നില്ല. ആദ്യ മൂന്ന് മത്സരങ്ങളിലും വിക്കറ്റൊന്നും നേടാൻ കഴിയാത്ത ആവേശ് ഖാനാണ് നാലാം ടി20യിൽ നാല് വിക്കറ്റുകൾ വീഴ്ത്തി സൗത്താഫ്രിക്കയെ ചുരുക്കികെട്ടിയത്.

” പരമ്പരയിലെ നാല് മത്സരങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. അതിൽ ക്രെഡിറ്റ് നൽകേണ്ടത് രാഹുൽ ദ്രാവിഡിനാണ്. എല്ലാവർക്കും അവസരം നൽകുന്നതിൽ അദ്ദേഹം വിശ്വസിക്കുന്നു, ഒപ്പം അവർക്ക് കഴിവ് പ്രകടിപ്പിക്കാൻ മതിയായ സമയവും അദ്ദേഹം നൽകുന്നു. ”

” ഒന്നോ രണ്ടോ മത്സരങ്ങളിലെ മോശം പ്രകടനങ്ങൾക്ക് ശേഷം ആരെയും അദ്ദേഹം ടീമിൽ നിന്നും ഒഴിവാക്കില്ല. ഒരു കളിക്കാരനെ വിലയിരുത്താൻ ഒന്നോ രണ്ടോ മത്സരങ്ങൾ അപര്യാപ്തമാണ്. എല്ലാവർക്കും അവരുടെ കഴിവുകൾ തെളിയിക്കാൻ അവസരം ലഭിക്കുന്നു. ആദ്യ മൂന്ന് മത്സരങ്ങളിൽ വിക്കാറ്റൊന്നും നേടാൻ എനിക്ക് സാധിച്ചില്ല, പക്ഷേ രാഹുൽ ദ്രാവിഡും ടീം മാനേജ്മെൻ്റും എനിക്ക് വീണ്ടും അവസരം നൽകി. എനിക്ക് നാല് വിക്കറ്റ് നേടാനും സാധിച്ചു ” ആവേശ് ഖാൻ പറഞ്ഞു.

” ആദ്യം ബാറ്റ് ചെയ്യുമ്പോഴെല്ലാം വിക്കറ്റ് എങ്ങനെയുണ്ടെന്ന് ഞാൻ ബാറ്റർമാരോട് ചോദിക്കും. ഞാൻ ഇന്ന് ഇഷാൻ കിഷനോട് സംസാരിച്ചു. ഹാർഡ് ലെങ്ത് പന്തുകൾ എളുപ്പമാവില്ലയെന്ന് അവൻ പറഞ്ഞു. അതുകൊണ്ട് തന്നെ സ്റ്റമ്പിനെ അറ്റാക്ക് ചെയ്തുകൊണ്ട് ഹാർഡ് ലെങ്തിൽ പന്തെറിയാൻ ഞാൻ തീരുമാനിച്ചു. ” ആവേശ് ഖാൻ കൂട്ടിച്ചേർത്തു.