Skip to content

ഫോമും പ്രകടനവുമാണ് നോക്കേണ്ടത്, ദിനേശ് കാർത്തിക് ലോകകപ്പ് ടീമിൽ വേണ്ടെന്ന് പറഞ്ഞ ഗംഭീറിനെ പരോക്ഷമായി വിമർശിച്ച് സുനിൽ ഗാവസ്കർ

ദിനേശ് കാർത്തിക് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നില്ലെന്ന് മുൻ താരം ഗൗതം ഗംഭീറിൻ്റെ പ്രസ്ഥാവനയെ പരോക്ഷമായി വിമർശിച്ച് സുനിൽ ഗാവസ്കർ. പ്രശസ്തിയോ പേരോ നോക്കിയല്ല ടീമിനെ തിരഞ്ഞെടുക്കേണ്ടതെന്നും ഫോമായിരിക്കണം മാനദണ്ഡമെന്നും ദിനേശ് കാർത്തിക്കിനെ പിന്തുണച്ചുകൊണ്ട് സുനിൽ ഗവാസ്കർ പറഞ്ഞു.

ലോകകപ്പിൽ ഏഴാം നമ്പറിൽ ബൗൾ ചെയ്യാൻ കഴിയുന്ന ഒരാളെയാണ് ഇന്ത്യയ്ക്ക് ആവശ്യമാണെന്നും റിഷഭ് പന്ത് ടീമിൽ ഉള്ളതിനാൽ കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രോഹിത് ശർമ്മ എന്നിവർ തിരിച്ചെത്തുന്നതോടെ പ്ലേയിങ് ഇലവനിൽ സ്ഥാനം നേടുവാൻ ദിനേശ് കാർത്തിക്കിന് സാധിക്കില്ലയെന്നും അങ്ങനെയെങ്കിൽ ദിനേശ് കാർത്തിക്കിന് ടീമിൽ അവസരം നൽകുന്നതിൽ അർത്ഥമില്ലയെന്നും ഗംഭീർ പറഞ്ഞിരുന്നു.

” പ്ലേയിങ് ഇലവനിൽ ഉണ്ടാകില്ലയെങ്കിൽ പിന്നെയെന്തിനാണ് ദിനേശ് കാർത്തിക്കിനെ ടീമിൽ ഉൾപെടുത്തുന്നതെന്ന് പലരും ചോദിക്കുന്നത് എനിക്കറിയാം. അവന് കളിക്കാൻ കഴിയില്ലെന്ന് നിങ്ങൾക്കെങ്ങനെ അറിയാം ? ഇന്ത്യൻ ടീമിന് ഇപ്പോൾ ആവശ്യമുള്ളയാൾ ഒരുപക്ഷേ അവനായിരിക്കാം. പേരോ പ്രശസ്തിയോ നോക്കിയല്ല ഫോം നോക്കി കളിക്കാരെ തിരഞ്ഞെടുക്കൂ. ” ഗവാസ്കർ പറഞ്ഞു.

” ഒരുപാട് അവസരങ്ങൾ ദിനേശ് കാർത്തിക്കിന് ലഭിക്കുന്നില്ല. ആറാമനായും ഏഴാമനായുമാണ് അവൻ ബാറ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സ്ഥിരമായി ഫിഫ്റ്റി അവനിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയില്ല. 20 പന്തിൽ നിന്നും 40 റൺസ് നേടി തരുവാൻ അവന് കഴിയും അതാണ് അവൻ ചെയ്തുകൊണ്ടിരിക്കുന്നത്. ലോകകപ്പ് ടീമിൽ അവൻ വേണമെന്ന് പറയുന്നതിൻ്റെ കാരണവും അതുതന്നെയാണ്. “

” ഇന്ത്യ സമ്മർദ്ദത്തിലായപ്പോഴാണ് അവൻ ഇന്ന് റൺസ് നേടിയത്. അതവൻ്റെ ദൃദ്ധനിശ്ചയവും ലക്ഷ്യബോധവും കാണിച്ചുതന്നു. ഇന്ത്യയ്ക്കായി വീണ്ടും കളിക്കുവാൻ അവൻ ആഗ്രഹിക്കുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലും അവൻ കളിക്കാൻ അഗ്രഹിച്ചേക്കാം. അതെന്തുതന്നെയായാലും ഒരാളുടെ പ്രായമല്ല അയാളുടെ പ്രകടനമാണ് നോക്കേണ്ടത്. ” സുനിൽ ഗവാസ്കർ പറഞ്ഞു.