Skip to content

അവൻ്റെ കാര്യത്തിൽ ഞാൻ അങ്ങേയറ്റം നിരാശനാണ്, അവന് സ്ഥിരതയില്ല, സഞ്ജുവിൻ്റെ പ്രകടനത്തെ കുറിച്ച് ഇന്ത്യൻ ഇതിഹാസം കപിൽ ദേവ്

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൻ്റെ പ്രകടനത്തിൽ താൻ നിരാശനാണെന്ന് മുൻ ഇന്ത്യൻ കപിൽ ദേവ്. വളരെയധികം കഴിവുള്ള താരമായിട്ടും സ്ഥിരത പുലർത്താൻ സഞ്ജുവിന് സാധിക്കുന്നില്ലയെന്നും കപിൽ ദേവ്. ലോകകപ്പിനുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ സാധ്യതകളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സഞ്ജുവിൻ്റെ ബാറ്റിങിൽ താൻ നിരാശനാണെന്ന് കപിൽ ദേവ് തുറന്നുപറഞ്ഞത്.

” സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ദിനേശ് കാർത്തിക് ഇവരിൽ നിന്നും ഒരു മികച്ച വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കണമെങ്കിൽ അവർ മൂന്ന് പേരും ഒരേ നിലയിലാണെന്ന് ഞാൻ പറയും. വിക്കറ്റ് കീപ്പിങിൽ അവർ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് പറയാനാകില്ല. ” കപിൽ ദേവ് പറഞ്ഞു.

” പക്ഷേ ബാറ്റിങിൽ മൂവരും ഒന്നിനൊന്ന് മെച്ചമാണ്. അവരുടേതായ ശൈലിയിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ അവർ മൂന്ന് പേർക്കും സാധിക്കും. നിങ്ങൾ വൃദ്ധിമാൻ സാഹയെ കുറിച്ച് പറയുകയാണെങ്കിൽ അവരിൽ മികച്ച ബാറ്ററാണെന്ന് ഞാൻ പറയും. സഞ്ജുവും കാർത്തിക്കും ഇഷാൻ കിഷനും മികച്ച ബാറ്റ്സ്മാന്മാർ തന്നെയാണ്. പക്ഷേ സഞ്ജുവിൻ്റെ കാര്യത്തിൽ എനിക്ക് അങ്ങേയറ്റം അസ്വസ്ഥതയുണ്ട്. വളരെയേറെ കഴിവ് അവനുണ്ട്. ഒന്നോ രണ്ടോ മത്സരങ്ങളിൽ സ്കോർ ചെയ്താൽ പിന്നീട് അവൻ പരാജയപെടുന്നു. അവന് സ്ഥിരതയില്ല. ” കപിൽ ദേവ് പറഞ്ഞു.

ഈ ഐ പി എൽ സീസണിൽ 458 റൺസ് നേടി ടീമിനെ ഫൈനലിൽ എത്തിച്ചുവെങ്കിലും സൗത്താഫ്രിക്കയ്ക്കെതിരായ ടി20 ടീമിൽ ഇടം പിടിക്കുവാൻ സഞ്ജുവിന് സാധിച്ചില്ല. ഇന്ത്യയ്ക്ക് വേണ്ടി 13 മത്സരങ്ങൾ കളിച്ച സഞ്ജു 174 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. പരമ്പരയിൽ ഇല്ലെങ്കിൽ കൂടിയും ലോകകപ്പ് ടീമിൽ ഇടം നേടാനുള്ള അവസരം സഞ്ജുവിന് മുൻപിലുണ്ട്. എന്നാൽ മറുഭാഗത്ത് ഐ പി എല്ലിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും ഇന്ത്യൻ ടീമിൽ ലഭിച്ച അവസരം ഫലപ്രദമായി ഉപയോഗിച്ചിരിക്കുകയാണ് വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. ലോകകപ്പിന് മുൻപായി ഇനിയും ഏറെ മത്സരങ്ങൾ നടക്കാനുള്ളതിനാൽ കഴിവ് തെളിയിക്കാൻ സഞ്ജുവിന് ഇന്ത്യ അവസരം നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.