Skip to content

എല്ലാം നേടികഴിഞ്ഞുവെന്നാണോ വിചാരം, വിരാട് കോഹ്ലിയുടെ മനോഭാവത്തെ ചോദ്യം ചെയ്ത് ഷാഹിദ് അഫ്രീദി

കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോയികൊണ്ടിരിക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഡെഡിക്കേഷനെ ചോദ്യം ചെയ്ത് മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. കോഹ്ലിയുടെ മോശം ഫോമിന് പിന്നിലെ കാരണങ്ങളിലൊന്ന് താരത്തിൻ്റെ മനോഭാവത്തിൽ വന്ന മാറ്റമാണെന്നും പ്രമുഖ പാക് മാധ്യമത്തിൽ അഫ്രീദി പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടുവാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല. 2019 ൽ ബംഗ്ലാദേശിനെതിരെയാണ് കോഹ്ലി അവസാനമായി സെഞ്ചുറി നേടിയത്. ഐ പി എല്ലിലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുവാൻ കോഹ്ലിയ്ക്ക് സാധിച്ചില്ല. മോശം ഫോമിന് റാങ്കിങിലും കോഹ്ലി തിരിച്ചടി നേരിട്ടിരുന്നു.

” ക്രിക്കറ്റിൽ മനോഭാവമാണ് ഏറ്റവും പ്രധാനം. അതിനെകുറിച്ചാണ് ഞാൻ ഏറ്റവും കൂടുതൽ സംസാരിക്കുന്നത്. ക്രിക്കറ്റിനോട് ഒരു മനോഭാവം ഉണ്ടാകേണ്ടതുണ്ട്. കരിയറിൻ്റെ തുടക്കത്തിൽ ലോകത്തിലെ ഒന്നാം നമ്പർ ബാറ്റ്സ്മാൻ ആകണമെന്ന് കോഹ്ലി ആഗ്രഹിച്ചിരുന്നു. അതേ പ്രേരണ ഇപ്പോഴും അവനിലുണ്ടോട് അതോ മനോഭാവത്തോടെയാണോ അവൻ ഇപ്പോൾ കളിക്കുന്നത് ? അതാണ് ഏറ്റവും വലിയ ചോദ്യം. ”

” അവനിപ്പോഴും ക്ലാസ് ഉണ്ട്. പക്ഷേ വീണ്ടും നമ്പർ വൺ ആകുവാൻ അവൻ ആഗ്രഹിക്കുന്നുണ്ടോ ? അതോ ജീവിതത്തിൽ എല്ലാം നേടി ഇനി സമയം തള്ളിനീക്കാമെന്നാണോ അവൻ കരുതുന്നത് ? ഇതെല്ലാം മനോഭാവത്തെ ആശ്രയിച്ചാണുള്ളത് ” അഫ്രീദി പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി സെഞ്ചുറി നേടിയില്ലെങ്കിൽ കൂടിയും ടെസ്റ്റ് സെഞ്ചുറിയിലോ ഏകദിന സെഞ്ചുറിയിലോ കോഹ്ലിയെ പിന്നിലാക്കാൻ നിലവിലെ മറ്റൊരു ബാറ്റ്സ്മാനും സാധിച്ചിട്ടില്ല. നിലവിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ 27 സെഞ്ചുറിയോടെ സ്‌മിത്തിനും റൂട്ടിനുമൊപ്പമാണ് കോഹ്ലിയുള്ളത്. ഏകദിന സെഞ്ചുറിയുടെ കാര്യത്തിൽ 43 സെഞ്ചുറി നേടിയ കോഹ്ലിയ്ക്ക് പിന്നിലുള്ളത് 29 സെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ്.