Skip to content

ഐസിസി ടി20 റാങ്കിങിൽ തകർപ്പൻ നേട്ടവുമായി ഇഷാൻ കിഷൻ, ബൗളർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ജോഷ് ഹേസൽവുഡ്

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ യുവ ഓപ്പണർ ഇഷാൻ കിഷൻ. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ട് ഫിഫ്റ്റിയടക്കം 164 റൺസ് താരം നേടിയിട്ടുണ്ട്. ഇതിനുപുറകെയാണ് കോഹ്ലി, കെ എൽ രാഹുൽ, രോഹിത് ശർമ്മ, ശ്രേയസ് അയ്യർ അടക്കമുള്ളവരെ പിന്നിലാക്കി റാങ്കിങിൽ ഏറ്റവും മുൻപിലുള്ള ഇന്ത്യൻ ബാറ്റ്സ്മാനായി താരം മാറിയത്.

ആദ്യ മത്സരത്തിൽ 48 പന്തിൽ 76 റൺസ് നേടിയ താരം രണ്ടാം മത്സരത്തിൽ 21 പന്തിൽ 34 റൺസും ഇന്ത്യ വിജയിച്ച മൂന്നാം മത്സരത്തിൽ 35 പന്തിൽ നിന്നും 54 റൺസും നേടിയിരുന്നു. പരമ്പരയ്ക്ക് മുൻപ് 76 ആം സ്ഥാനത്തായിരുന്ന ഇഷാൻ കിഷൻ ഈ പ്രകടനത്തോടെ റാങ്കിങിൽ 68 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി.

ബാറ്റ്സ്മാന്മാരുടെ റാങ്കിങിൽ ആദ്യ പത്തിലുള്ള ഒരേയൊരു ഇന്ത്യൻ ബാറ്റ്സ്മാനാണ് ഇഷാൻ കിഷൻ. പതിനാലാം സ്ഥാനത്തുള്ള കെ എൽ രാഹുലും പതിനാറാം സ്ഥാനത്തുള്ള ശ്രേയസ് അയ്യയും പതിനേഴാം സ്ഥാനത്തുള്ള രോഹിത് ശർമ്മയുമാണ് ആദ്യ ഇരുപതിലുള്ള ഇന്ത്യൻ താരങ്ങൾ. വിരാട് കോഹ്ലി പുതിയ റാങ്കിങിൽ 21 ആം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനുമാണ് റാങ്കിങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡ് ബൗളർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി. ബൗളർമാരുടെ ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ മാത്രം ഓസ്ട്രേലിയൻ ബൗളറാണ് ഹേസൽവുഡ്. ഇതിനുമുൻപ് 2008 ൽ നേതൻ ബ്രാക്കനാണ് ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള ഓസ്ട്രേലിയൻ ബൗളർ.

പതിനൊന്നാം സ്ഥാനത്തുള്ള ഭുവനേശ്വർ കുമാറാണ് റാങ്കിങിൽ ഏറ്റവും മുൻപിലുള്ള ഇന്ത്യൻ ബൗളർ.