Skip to content

ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഡേവിഡ് മില്ലർ, പിന്നിലാക്കിയത് എ ബി ഡിവില്ലിയേഴ്സിനെ

ഐ പി എല്ലിലെ തൻ്റെ തകർപ്പൻ പ്രകടനം ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലും തുടർന്നിരിക്കുകയാണ് സൗത്താഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലർ. നിർണായക പ്രകടനങ്ങളിലൂടെ ഗുജറാത്ത് ടൈറ്റൻസിന് കിരീടം നേടികൊടുത്ത മില്ലർ ഇന്ത്യയ്ക്കെതിരായ ആദ്യ ടി20 യിൽ ഫിഫ്റ്റി നേടികൊണ്ട് സൗത്താഫ്രിക്കയെ വിജയത്തിലെത്തിച്ചു. മത്സരത്തിലെ ഈ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കില്ലർ മില്ലർ.

( Picture Source : Twitter )

212 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് വേണ്ടി 31 പന്തിൽ 4 ഫോറും 5 സിക്സുമടക്കം പുറത്താകാതെ 64 റൺസ് ഡേവിഡ് മില്ലർ നേടിയിരുന്നു. സൗത്താഫ്രിക്ക ഏഴ് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ ഡേവിഡ് മില്ലറായിരുന്നു പ്ലേയർ ഓഫ് ദി മാച്ച് നേടിയത്.

അന്താരാഷ്ട്ര ടി20 യിലെ ഡേവിഡ് മില്ലറുടെ എട്ടാമത്തെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡാണിത്. ഇതോടെ അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും കൂടുതൽ തവണ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന സൗത്താഫ്രിക്കൻ താരമെന്ന റെക്കോർഡ് മില്ലർ സ്വന്തമാക്കി. ഏഴ് തവണ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടിയ മുൻ താരം എ ബി ഡിവില്ലിയേഴ്സിനെയാണ് മില്ലർ പിന്നിലാക്കിയത്.

( Picture Source : Twitter )

ഈ ഐ പി എൽ സീസണിൽ 16 മത്സരങ്ങളിൽ നിന്നും 68.71 ശരാശരിയിൽ 140 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 481 റൺസ് ഡേവിഡ് മില്ലർ നേടിയിരുന്നു. മത്സരത്തിലെ തകർപ്പൻ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ സൗത്താഫ്രിക്ക 1-0 ന് മുൻപിലെത്തി. ജൂൺ 12 ന് കട്ടക്കിലാണ് പരമ്പരയിലെ രണ്ടാം മത്സരം.

( Picture Source : Twitter )