Skip to content

ഞാനല്ല, മറുവശത്തുണ്ടായിരുന്നത് ദിനേശ് കാർത്തിക്കാണ്, ആ സിംഗിൾ അവൻ ഓടണമായിരുന്നു : ആശിഷ് നെഹ്റ

സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ സീനിയർ താരം ദിനേശ് കാർത്തിക്കിന് ഹാർദിക് പാണ്ഡ്യ സിംഗിൾ നിഷേധിച്ചതിനെ കുറിച്ച് പ്രതികരിച്ച് ഗുജറാത്ത് ടൈറ്റൻസ് കോച്ചും മുൻ ഇന്ത്യൻ പേസറുമായ ആശിഷ് നെഹ്റ. ദിനേശ് കാർത്തിക് പോലെയൊരു താരത്തിന് സിംഗിൾ നിഷേധിച്ചത് തെറ്റായി പോയെന്നും തന്നെ പോലെയൊരു ബാറ്റ്സ്മാനാണ് നോൺ സ്ട്രൈക്കർ എൻഡിലെങ്കിൽ അത് മനസ്സിലാക്കാൻ സാധിക്കുമായിരുന്നുവെന്നും ആശിഷ് നെഹ്റ പറഞ്ഞു.

ഇന്ത്യൻ ഇന്നിങ്സിലെ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് ഹാർദിക് പാണ്ഡ്യ ദിനേശ് കാർത്തിക്കിന് സിംഗിൾ നിഷേധിച്ചത്. ആൻറിച്ച് നോർക്കിയ എറിഞ്ഞ അവസാന ഓവറിലെ ആദ്യ ബോളിൽ റിഷഭ് പന്ത് പുറത്തായതോടെയാണ് ദിനേശ് കാർത്തിക്ക് ക്രീസിൽ എത്തിയത്. നേരിട്ട ആദ്യ പന്തിൽ റൺസ് നേടാൻ സാധിക്കാതിരുന്ന ദിനേശ് കാർത്തിക്ക് തൊട്ടടുത്ത പന്തിൽ സിംഗിൾ നേടി പാണ്ഡ്യയ്ക്ക് സ്ട്രൈക്ക് കൈമാറി. അടുത്ത പന്തിൽ പാണ്ഡ്യ സിക്സ് പായിക്കുകയും അഞ്ചാം പന്തിൽ വീണ്ടും ബൗണ്ടറി നേടാൻ ശ്രമിച്ചുവെങ്കിലും പന്ത് നേരെ ഫീൽഡറുടെ കൈകളിൽ എത്തിചേർന്നു. സിംഗിൾ നേടുവാൻ അവസരം ഉണ്ടായിരുന്നുവെങ്കിലും പാണ്ഡ്യ അതിന് തയ്യാറായില്ല. അവസാന പന്തിലാകട്ടെ രണ്ട് റൺസ് മാത്രമാണ് പാണ്ഡ്യയ്ക്ക് നേടാൻ സാധിച്ചത്.

” ആ അവസാന ഓവറിൽ അവൻ സിംഗിൾ എടുക്കണമായിരുന്നു. എന്നെപോലെയൊരു ബാറ്റ്സ്മല്ല ദിനേശ് കാർത്തിക്കായിരുന്നു മറുവശത്ത് ഉണ്ടായിരുന്നത്. ” ഐ പി എല്ലിൽ ഹാർദിക്കിൻ്റെ കോച്ച് കൂടിയായ ആശിഷ് നെഹ്റ പറഞ്ഞു.

ഹാർദിക് പാണ്ഡ്യ സിംഗിൾ നിഷേധിച്ചത് സ്റ്റേഡിയത്തിലെ കാണികൾക്കും രസിച്ചില്ല. അവസാന പന്തിൽ ബൗണ്ടറി കണ്ടെത്താൻ പാണ്ഡ്യ പരാജയപെട്ടതോടെ കാണികൾ കൂവിവിളിക്കുകയും ചെയ്തിരുന്നു.