Skip to content

അവസാന ഓവറിൽ ദിനേശ് കാർത്തിക്കിന് സിംഗിൾ നിഷേധിച്ച് പാണ്ഡ്യ, അഹങ്കാരം നല്ലതല്ലെന്ന് ആരാധകർ, വീഡിയോ കാണാം

പരിക്കിന് ശേഷമുളള തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ മികച്ച പ്രകടനമാണ് ഹാർദിക് പാണ്ഡ്യ ഇന്ത്യക്കായി കാഴ്ച്ചവെച്ചത്. 12 പന്തിൽ 3 സിക്സ് ഉൾപ്പടെ പുറത്താകാതെ 31 റൺസ് താരം നേടിയിരുന്നു. എന്നാൽ ഈ പ്രകടനത്തിനിടയിലും സോഷ്യൽ മീഡിയയിൽ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങിയിരിക്കുകയാണ് ഹാർദിക് പാണ്ഡ്യ.

( Picture Source : Twitter )

മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ അവസാന ഓവറിൽ ദിനേശ് കാർത്തിക്കിന് സിംഗിൾ നിഷേധിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഓവറിലെ അഞ്ചാം പന്തിൽ പാണ്ഡ്യ ബൗണ്ടറി നേടാൻ ശ്രമിച്ചുവെങ്കിലും പന്ത് നേരെ ചെന്നത് ഫീൽഡറുടെ കൈകളിലായിരുന്നു. ഐ പി എല്ലിലെ തകർപ്പൻ പ്രകടനത്തോടെ ടീമിൽ തിരിച്ചെത്തിയ ദിനേശ് കാർത്തിക്കായിരുന്ന നോൺ സ്ട്രൈക്കർ എൻഡിലെങ്കിലും ഇന്ത്യൻ സീനിയർ താരത്തിന് സ്ട്രൈക്ക് കൈമാറാൻ പാണ്ഡ്യ തയ്യാറായില്ല. എന്നാൽ തൻ്റെ തീരുമാനം ശരിയെന്ന് തെളിയിക്കാൻ അവസാന പന്തിൽ പാണ്ഡ്യയ്ക്ക് സാധിച്ചില്ല. രണ്ട് റൺസ് മാത്രമാണ് അവസാന പന്തിൽ പാണ്ഡ്യയ്ക്ക് നേടാൻ സാധിച്ചില്ല.

ഈ ഐ പി എൽ സീസണിൽ 16 മത്സരങ്ങളിൽ നിന്നും 183.33 സ്ട്രൈക്ക് റേറ്റിൽ 50 ന് മുകളിൽ ശരാശരിയിൽ 330 റൺസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ദിനേശ് കാർത്തിക് നേടിയിരുന്നു. കളിയുടെ ഏതൊരു സാഹചര്യത്തിലും ദിനേശ് കാർത്തിക്കിനെ പോലെയൊരു താരത്തിന് സ്ട്രൈക്ക് കൈമാറാതിരുന്നത് തെറ്റായ തീരുമാനമാണെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

മത്സരത്തിലേക്ക് വരുമ്പോൾ ലോക റെക്കോർഡ് ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യയെ ഏഴ് വിക്കറ്റിനാണ് സൗത്താഫ്രിക്ക പരാജയപെടുത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 212 റൺസിൻ്റെ വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു.

31 പന്തിൽ 64 റൺസ് നേടിയ ഡേവിഡ് മില്ലറിൻ്റെയും 46 പന്തിൽ 75 റൺസ് നേടിയ റാസി വാൻഡർ ഡസൻ്റെയും മികവിലാണ് തകർപ്പൻ വിജയം സൗത്താഫ്രിക്ക നേടിയത്. സൗത്താഫ്രിക്കയുടെ ഏറ്റവും വലിയ വിജയകരമായ റൺചേസും ഇന്ത്യയ്ക്കെതിരായ ഒരു ടീമിൻ്റെ ഏറ്റവും വലിയ റൺ ചേസുമാണിത്.

( Picture Source : Twitter )