Skip to content

ഐ പി എല്ലിലെ എക്സ്പീരിയൻസ് സഹായകമായി, ആദ്യ ടി20 വിജയത്തിൽ ഐ പി എല്ലിൻ്റെ പങ്കിനെ കുറിച്ച് റാസി വാൻഡർ ഡസൻ

ഐ പി എല്ലിലെ എക്സ്പീരിയൻസ് ഇന്ത്യയ്ക്കെതിരായ ആദ്യ ടി20 യിൽ സഹായകമായെന്ന് സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ റാസി വാൻഡർ ഡസൻ. സൗത്താഫ്രിക്ക 7 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ ഡേവിഡ് മില്ലർക്കൊപ്പം മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.

” തീർച്ചയായും ഐ പി എൽ സഹായിച്ചിട്ടുണ്ട്. കളിക്കാൻ കാര്യമായ അവസരം ലഭിച്ചില്ലെങ്കിൽ കൂടിയുമു ധാരാളം മത്സരങ്ങൾ നേരിട്ടുകാണുവാൻ സാധിച്ചു. ഈ സാഹചര്യങ്ങളെ കുറിച്ചും അവരുടെ ബൗളർമാർ എന്തുചെയ്യുമെന്നും വ്യക്തമായ ധാരണ എനിക്കുണ്ടായിരുന്നു. ”

” ഇന്ത്യയിലെ സാഹചര്യങ്ങൾ സൗത്താഫ്രിക്കയിൽ നിന്നും പാടെ വ്യത്യസ്തമാണ്. ഇവിടത്തെ സാഹചര്യങ്ങളിൽ രണ്ട് മാസം ചിലവഴിച്ചതുകൊണ്ട് എനിക്ക് പൊരുത്തപെടുവാൻ സാധിച്ചു. എല്ലാവർക്കും അതുപോലെ തന്നെയാണ്. ഈ വർഷം ഐ പി എല്ലിൽ ധാരാളം സൗത്താഫ്രിക്കൻ താരങ്ങൾ കളിച്ചു. അത് സാഹചര്യങ്ങളോട് വേഗത്തിൽ തന്നെ പൊരുത്തപെടാനും ആദ്യ മത്സരത്തിൽ തന്നെ വിജയിക്കുവാനും ഞങ്ങളെ സഹായിച്ചു. ” റാസി വാൻഡർ ഡസൻ പറഞ്ഞു.

” തുടക്കത്തിൽ വിക്കറ്റിൻ്റെ വേഗത മനസ്സിലാക്കുവാൻ എനിക്ക് സാധിച്ചിരുന്നില്ല. തുടക്കത്തിൽ ഫീൽഡർമാരെ മറികടക്കുവാൻ എനിക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തുടക്കത്തിൽ ഞാൻ സമ്മർദ്ദത്തിലായി. പക്ഷേ ഐ പി എല്ലിലെ അതേ ഫോം ഈ മത്സരത്തിലും ആവർത്തിക്കാൻ മില്ലർക്ക് സാധിച്ചു. അവൻ ഒന്നോ രണ്ടോ സിക്സുകൾ പായിച്ചതോടെ മത്സരത്തിൻ്റെ നിയന്ത്രണം ഞങ്ങളുടെ കൈകളിലായി. അവസാനം വരെ മത്സരം കൊണ്ടുപോയാൽ വിജയത്തിനടുത്തെത്താൻ കഴിയുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ” വാൻഡർ ഡസൻ കൂട്ടിച്ചേർത്തു.

ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് വാൻഡർ ഡസൻ കളിച്ചത്. താരത്തിനൊപ്പം ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി കളിച്ച മില്ലറും ചേർന്നാണ് സൗത്താഫ്രിക്കയെ വിജയത്തിലെത്തിച്ചത്. മില്ലർ 31 പന്തിൽ 64 റൺസ് നേടിയപ്പോൾ റാസി വാൻഡർ ഡസൻ 46 പന്തിൽ 75 റൺസ് നേടി. നാലാം വിക്കറ്റിൽ 131 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു.