Skip to content

അവൻ മിടുക്കനാണ് ഓരോ സെഷനിലും അവൻ മെച്ചപെട്ടുകൊണ്ടിരിക്കുന്നു, ഉമ്രാൻ മാലിക്കിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയമായ ഉമ്രാൻ മാലിക്കിനെ പ്രശംസിച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് ഉമ്രാൻ മാലിക്കിനെ ഇന്ത്യൻ കോച്ച് പ്രശംസിച്ചത്.

” മികച്ച വേഗതയിലാണ് ഉമ്രാൻ മാലിക്ക് പന്തെറിഞ്ഞുകൊണ്ടിരിക്കുന്നത്. അത് ആവേശകരമാണ്. പുറത്തുനിന്നും ഐ പി എൽ കാണുമ്പോൾ പ്രതീക്ഷ നൽകുന്ന മറ്റൊരു കാര്യം അതിവേഗം പന്തെറിയുന്ന ഇന്ത്യൻ ബൗളർമാരുടെ എണ്ണമാണ്. മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിൻ്റെ പരിശീലകൻ എന്ന നിലയിൽ അത് ദൈർഘ്യമേറിയ ഫോർമാറ്റുകളിലും കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. നെറ്റ്സിൽ ഉമ്രാൻ മാലിക്ക് മിടുക്കനാണ്. അവന് വേഗത ലഭിച്ചിട്ടുണ്ടെന്ന് നെറ്റ്സിൽ തന്നെ നിങ്ങൾക്ക് കാണാൻ കഴിയും. ” രാഹുൽ ദ്രാവിഡ് പറഞ്ഞു.

( Picture Source : BCCI )

” തീർച്ചയായും അവൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. അവൻ ഇപ്പോഴും ചെറുപ്പമാണ്. അവൻ മെച്ചപെട്ടുകൊണ്ടേയിരിക്കുകയാണ്. കൂടുതൽ കളിക്കുന്തോറും അവൻ കൂടുതൽ മെച്ചപെടും. അവനെ പോലെയൊരാൾ കൂട്ടത്തിലുള്ളതിൽ വളരെ സന്തോഷമുണ്ട്. അവന് കളിക്കാൻ എത്രത്തോളം സമയം നൽകാനാകുമെന്ന് നമുക്ക് നോക്കാം. നമ്മൾ യാഥാർത്ഥ്യ ബോധത്തോടെ ചിന്തിക്കേണ്ടതുണ്ട്. ഞങ്ങൾക്ക് വലിയ സ്ക്വാഡുണ്ട്. എല്ലാവർക്കും ഒരേ സമയം പ്ലേയിങ് ഇലവനിൽ അവസരം നൽകാൻ സാധിക്കില്ല. ”

( Picture Source : BCCI )

” ടീമിൽ സ്ഥിരത ഉറപ്പാക്കുവാൻ ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ. കളിക്കാർക്ക് സമയം നൽകുവാൻ ഞാൻ ഇഷ്ടപെടുന്നു. അതുകൊണ്ട് ഉമ്രാൻ മാലിക്കിന് എത്രത്തോളം സമയം നൽകാനാകുമെന്ന് ചിന്തിക്കേണ്ടതുണ്ട്. അവനൊപ്പം നന്നായി പന്തെറിഞ്ഞ അർഷ്ദീപും ടീമിലുണ്ട്. മുൻപ് കളിച്ച് എക്സ്പീരിയൻസുള്ള ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും ആവേശ് ഖാനും ടീമിലുണ്ട്. ” രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു.

ജൂൺ 9 ന് ഡൽഹിയിലാണ് അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കുന്നത്. രോഹിത് ശർമ്മയുടെ അഭാവത്തിൽ കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. റിഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ.

( Picture Source : BCCI )