Skip to content

സച്ചിനോ ദ്രാവിഡോ ധോണിയോ അല്ല, ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റർ ആരായിരുന്നുവെന്ന് വെളിപ്പെടുത്തി ഹാർദിക് പാണ്ഡ്യ

തനിക്കേറ്റവും പ്രിയപെട്ട ക്രിക്കറ്റർ ആരായിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. മറ്റുള്ളവർ സച്ചിനും ദ്രാവിഡും ധോണിയും ഗാംഗുലിയും സെവാഗും അടക്കമുള്ളവരെ ഇഷ്ടപെട്ടപ്പോൾ താൻ ഏറ്റവുമധികം ഇഷ്ടപെട്ടത് വസിം ജാഫറുടെ ബാറ്റിങ് ആണെന്ന് ഹാർദിക് വെളിപ്പെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ശോഭിക്കാൻ സാധിച്ചില്ലെങ്കിൽ കൂടിയും ഇതിഹാസങ്ങൾക്ക് മുകളിൽ താൻ വസിം ജാഫർക്ക് സ്ഥാനം നൽകിയിരുന്നുവെന്നും ഹാർദിക് പാണ്ഡ്യ പറഞ്ഞു.

” എല്ലാവരെയും പോലെ എനിക്കും ഇഷ്ടപെട്ട ക്രിക്കറ്റ് താരങ്ങൾ ഉണ്ടായിരുന്നു. ജാക്ക് കാലിസ്, വിരാട്, സച്ചിൻ ഇവരെയെല്ലാം എനിക്കിഷ്ടമായിരുന്നു. തിരഞ്ഞെടുക്കാൻ കഴിയാത്തത്രയും ഇതിഹാസങ്ങളുണ്ട്. പക്ഷേ യഥാർത്ഥത്തിൽ എനിക്കേറ്റവും ഇഷ്ടപെട്ട ക്രിക്കറ്റ് താരം വസീം ജാഫറായിരുന്നു. അദ്ദേഹത്തിൻ്റെ ബാറ്റിങ് കാണുവാൻ ഞാൻ വളരെയധികം ഇഷ്ടപെട്ടിരുന്നു. ഇതിഹാസങ്ങൾക്ക് മുകളിൽ അദ്ദേഹത്തിന് ഞാൻ സ്ഥാനം നൽകിയിരുന്നു. ”

” അദ്ദേഹത്തിൻ്റെ ബാറ്റിങ് അനുകരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിൻ്റെ ക്ലാസ് നേടുവാൻ എനിക്കൊരിക്കലും സാധിച്ചിട്ടില്ല. “എസ് ജി പോഡ്കാസ്റ്റിൽ ഹാർദിക് പറഞ്ഞു.

സച്ചിനും ദ്രാവിഡും ഗാംഗുലിയും വി വി എസ് ലക്ഷ്മണുമെല്ലാം നിറഞ്ഞുനിൽക്കുന്ന സമയത്താണ് വസിം ജാഫർ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. 2000 ൽ സൗത്താഫ്രിക്കയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച വസീം ജാഫർ 31 ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യക്കായി കളിച്ച വസീം ജാഫർ 5 സെഞ്ചുറിയടക്കം 1944 റൺസ് നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ശോഭിക്കാൻ സാധിച്ചില്ലയെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതിഹാസതുല്യമായ റെക്കോർഡാണ് വസീം ജാഫറിനുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 260 മത്സരങ്ങളിൽ നിന്നും 50 ന് മുകളിൽ ശരാശരിയിൽ 57 സെഞ്ചുറിയും 91 ഫിഫ്റ്റിയുമടക്കം 19410 റൺസ് വസീം ജാഫർ നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് വസിം ജാഫർ.