Skip to content

അത് ആദ്യമായി എവറസ്റ്റ് കീഴടക്കുന്നത് പോലെയായിരുന്നു, ടെസ്റ്റ് ക്രിക്കറ്റിൽ പതിനായിരം റൺസ് നേടിയ നിമിഷത്തെ കുറിച്ച് സുനിൽ ഗവാസ്‌കർ

ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് പൂർത്തിയാക്കുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തിനും അഭിമാന നേട്ടമാണ്. ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ടാണ് ഒടുവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഈ അഭിമാനനേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കറാണ് ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10000 റൺസ് പൂർത്തിയാക്കിയത്. ജോ റൂട്ടിൻ്റെ അഭിമാന നേട്ടത്തിന് പുറകെ ആദ്യമായി ഈ നേട്ടം കൈവരിച്ച ഓർമകൾ പങ്കിട്ടിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസ താരം.

” ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് പൂർത്തിയാക്കിയത് അത്ഭുതമായാണ് എനിക്ക് തോന്നിയത്. കാരണം അതിനുമുൻപ് ആർക്കും തന്നെ അത് സ്വന്തമാക്കുവാൻ സാധിച്ചിരുന്നില്ല. 9000 റൺസ് പോലും ആരും അന്ന് നേടിയിരുന്നില്ല. എനിക്കതിന് സാധിച്ചു. എന്നാൽ 9000 നാലക്ക സംഖ്യയാണ്. 10000 അഞ്ചക്കവും. അതുകൊണ്ട് തന്നെ അത് ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കുന്നത് പോലെയായിരുന്നു. ” ഗവാസ്കർ പറഞ്ഞു.

” ആ സമയത്ത് ഞാൻ അന്ധാളിച്ചുനിൽക്കുകയായിരുന്നു. പക്ഷേ ഞാൻ ഏറ്റവും കൂടുതൽ ഓർക്കുന്നത് മറ്റൊരു കാര്യമാണ്. ഞങ്ങൾ അഹമ്മദാബാദിൽ ആയിരുന്നു. അത് ഡ്രൈ (മദ്യം ലഭിക്കാത്ത) ഏരിയയാണ്. എന്നാൽ കപിലിന് എങ്ങനെയോ ഷാംപെയ്ൻ കിട്ടി. അത് അതിശയകരമായിരുന്നു. കപിലായിരുന്നു അന്ന് ക്യാപ്റ്റൻ. പ്രത്യേക അനുമതിയോടെ ഷാംപെയ്ൻ അവൻ സംഘടിപ്പിച്ചു. ഇന്നത്തെ കാലത്ത് സപ്പോർട്ട് സ്റ്റാഫും പോഷകാഹര വിദഗ്ധരും ഒരു ടെസ്റ്റ് മത്സരത്തിൻ്റെ മധ്യത്തിൽ ഷാംപെയ്ൻ കുടിക്കാൻ അനുവദിക്കുമെന്ന് തോന്നുന്നില്ല. ” സുനിൽ ഗാവസ്കർ കൂട്ടിച്ചേർത്തു.

സുനിൽ ഗാവസ്കറിന് ശേഷം ജോ റൂട്ട് അടക്കം 13 ബാറ്റ്സ്മാന്മാർ പിന്നീട് ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് പൂർത്തിയാക്കി. ഇന്ത്യയ്ക്കായി 125 മത്സരങ്ങൾ കളിച്ച ഗവാസ്കർ 51.12 ശരാശരിയിൽ 10122 റൺസ് നേടിയിട്ടുണ്ട്.