Skip to content

സച്ചിൻ്റെ റെക്കോർഡ് തകർക്കുവാൻ ജോ റൂട്ടിന് സാധിക്കും : മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്ലർ

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് പിന്നിട്ടിരിക്കുകയാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ട്. ഇതോടെ 31 ക്കാരനായ ജോ റൂട്ടിന് ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടയിൽ ആരെയൊക്കെ പിന്നിലാക്കുമെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. അതിനിടെ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ തന്നെ പിന്നിലാക്കുവാൻ ജോ റൂട്ടിന് സാധിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്ലർ.

( Picture Source : Twitter )

ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനാണ് ജോ റൂട്ട്. തൻ്റെ മുൻ ക്യാപ്റ്റൻ അലസ്റ്റയർ കുക്കിനൊപ്പമാണ് റൂട്ട് ഈ റെക്കോർഡ് പങ്കിടുന്നത്. 31 ക്കാരനായ റൂട്ടിന് ഇനിയും അഞ്ച് വര്ഷത്തോളം ക്രിക്കറ്റിൽ തുടരാനാകുമെന്നും അങ്ങനെയെങ്കിൽ സച്ചിൻ്റെ റെക്കോർഡ് തകർക്കാൻ റൂട്ടിന് സാധിക്കുമെന്നും മാർക്ക് ടെയ്ലർ പറഞ്ഞു.

” കുറഞ്ഞത് അഞ്ച് വർഷമെങ്കിലും കളിക്കുവാൻ ജോ റൂട്ടിന് സാധിക്കും. അതുകൊണ്ട് തന്നെ സച്ചിൻ്റെ റെക്കോർഡ് കൈവരിക്കാൻ അവനാകുമെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ 18 മാസമായി റൂട്ട് വളരെ നന്നായി ബാറ്റ് ചെയ്യുന്നു. അവൻ കരിയറിലെ പ്രാധാന ഘട്ടത്തിലാണ്. അതിനാൽ ആരോഗ്യവാനാണെങ്കിൽ 15,000 ലധികം റൺസ് നേടുവാൻ സാധിക്കും. ” മാർക്ക് ടെയ്‌ലർ പറഞ്ഞു.

( Picture Source : Twitter )

118 മത്സരങ്ങളിൽ നിന്നും 49.57 ശരാശരിയിൽ 10015 റൺസ് നേടിയ ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ നിലവിൽ പതിനാലാം സ്ഥാനത്താണുള്ളത്. ഒന്നാം സ്ഥാനത്തുള്ള സച്ചിനാകട്ടെ 200 മത്സരങ്ങളിൽ നിന്നും 53.78 ശരാശരിയിൽ 15,921 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം 15 മത്സരങ്ങളിൽ നിന്നും 1708 റൺസ് ജോ റൂട്ട് നേടിയിരുന്നു. ഈ ഫോം തുടരാനായാൽ ഒരുപാട് ഇതിഹാസങ്ങളെ പിന്നിലാക്കാൻ റൂട്ടിന് സാധിക്കും.

( Picture Source : Twitter )