Skip to content

അതെൻ്റെ അവസാന ഓവർ ആയിരിക്കുമെന്ന് ഞാൻ കരുതി, പക്ഷേ ഭാഗ്യവശാൽ എൻ്റെ ക്യാപ്റ്റൻ എം എസ് ധോണിയായിരുന്നു : ഹാർദിക് പാണ്ഡ്യ

എം എസ് ധോണി ക്യാപ്റ്റനായിരിക്കെ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചതിൽ താൻ ഭാഗ്യവാനാണെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. ധോണിയിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് പകരം വെയ്ക്കാനാകില്ലയെന്നും തൻ്റെ മൂന്നാമത്തെ അന്താരാഷ്ട്ര മത്സരത്തിന് ശേഷം ലോകകപ്പ് ടീമിൽ ഉൾപെടുത്തുമെന്ന ഉറപ്പ് ധോണി നൽകിയിരുന്നുവെന്നും ഹാർദിക് വെളിപ്പെടുത്തി.

” ഇന്ത്യൻ ടീമിൽ ചേർന്നപ്പോൾ ഞാൻ കണ്ടുവളർന്ന താരങ്ങളെ കണ്ടു. സുരേഷ് റെയ്ന, ഹർഭജൻ സിങ്, യുവരാജ് സിങ്, എം എസ് ധോണി, വിരാട് കോഹ്ലി, ആശിഷ് നെഹ്റ. ഞാൻ ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിന് മുൻപേ അവരെല്ലാം വലിയ താരങ്ങളായിരുന്നു. അതുകൊണ്ട് തന്നെ അവിടെയെത്തുക എന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ”

” എൻ്റെ അരങ്ങേറ്റവും അങ്ങനെ തന്നെയായിരുന്നു. ആദ്യ ഓവറിൽ തന്നെ 21 റൺസ് വഴങ്ങിയ ഒരേയൊരു ക്രിക്കറ്റർ ചിലപ്പോൾ ഞാനായിരിക്കാം. അതെൻ്റെ അവസാന ഓവർ ആയിരിക്കാമെന്ന് എനിക്ക് ആത്മാർത്ഥമായി തോന്നിയിരുന്നു. എന്നാൽ കളിക്കാരിൽ വളരെയേറെ വിശ്വാസം അർപ്പിച്ച മഹി ഭായുടെ കീഴിൽ കളിക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. ഈ സ്ഥാനത്തെത്തുവാൻ അദ്ദേഹം വളരെയേറെ സഹായിച്ചു. ” ഹാർദിക് പാണ്ഡ്യ പറഞ്ഞു.

” എൻ്റെ അന്താരാഷ്ട്ര കരിയറിലെ മൂന്നാം മത്സരത്തിന് തൊട്ടുപിന്നാലെ ലോകകപ്പ് ടീമിൽ ഞാൻ ഉണ്ടായിരിക്കുമെന്ന് മഹി ഭായ് എന്നോട് പറഞ്ഞു. ലോകകപ്പിൽ കളിക്കുമെന്ന് മൂന്നാം മത്സരത്തിന് ശേഷം തന്നെ അറിയാൻ എനിക്ക് സാധിച്ചു. ആ മത്സരത്തിൽ ഞാൻ ബാറ്റ് ചെയ്തീരുന്നില്ല. പക്ഷേ അതിനോടകം ഞാൻ എൻ്റെ കഴിവ് തെളിയിച്ചുവെന്ന് അദ്ദേഹം ഉറപ്പിച്ചു. തീർച്ചയായും അതൊരു സ്വപ്ന സാക്ഷത്കാരമായിരുന്നു. ” ഹാർദിക് പാണ്ഡ്യ കൂട്ടിച്ചേർത്തു.