Skip to content

പ്രതീക്ഷ കൈവിടില്ല, ശ്രമം തുടരും, ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് അജിങ്ക്യ രഹാനെ

ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങൾ താൻ തുടരുമെന്ന് സീനിയർ ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെ. മോശം ഫോമിനെ തുടർന്നാണ് ചേതേശ്വർ പുജാരയെയും വൈസ് ക്യാപ്റ്റൻ കൂടിയായിരുന്ന അജിങ്ക്യ രഹാനെയെയും ഇന്ത്യ ടീമിൽ നിന്നും ഒഴിവാക്കിയത്. കൗണ്ടിയിലെ മികച്ച പ്രകടനത്തോടെ പുജാര ടീമിൽ തിരിച്ചെത്തിയെങ്കിലും രഹാനെയ്ക്ക് ഐ പി എല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. കൂടാതെ പരിക്കും താരത്തിന് വില്ലനായി എത്തി.

” ആളുകൾ എന്നെ പറ്റി എന്താണ് പറയുന്നതെന്ന് എനിക്കറിയില്ല. അതിനെ കുറിച്ച് ഞാൻ ചിന്തിക്കാറുമില്ല. നല്ലതോ ചീത്തയോ പറയുകയെന്നത് അവരുടെ ജോലിയാണ്. എൻ്റെ ജോലി പരിശീലനം നടത്തുകയും ക്രിക്കറ്റ് കളിക്കുകയും ചെയ്യുകയാണ്. മികച്ച പ്രകടനം പുറത്തെടുക്കാൻ പരാജയപെട്ടാൽ ഞാൻ കൂടുതൽ പരിശീലനത്തിലൂടെ മെച്ചപെടുവാൻ ശ്രമിക്കും. ”

” ഭാവിയിൽ എന്തുസംഭവിക്കുമെന്ന് ആർക്കും പ്രവചിക്കുവാൻ സാധിക്കില്ല. ഞാൻ ശ്രമം തുടരും. ഒരിക്കലും പ്രതീക്ഷ കൈവിടില്ല. അവസരം ലഭിച്ചാലും ഇല്ലെങ്കിലും ഞാൻ ക്രിക്കറ്റ് കളിക്കുവാൻ ഇഷ്ടപെടുന്നു. ഞാനത് തുടരും. ” രഹാനെ പറഞ്ഞു.

” എനിക്ക് യാതൊരു സമ്മർദ്ദവുമില്ല. ഞാൻ നിസ്വാർത്ഥതയോടെയാണ് കളിയെ സമീപിച്ചിട്ടുള്ളത്. അവസരം ലഭിക്കുമ്പോഴെല്ലാം നന്നായി കളിക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. മികച്ച ഫോമും മോശം ഫോമും കളിയുടെ ഭാഗമാണ്. പക്ഷേ മനുഷ്യൻ എന്ന നിലയിൽ ഈ സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രധാനം. ” രഹാനെ കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ 82 മത്സരങ്ങളിൽ നിന്നും 12 സെഞ്ചുറിയടക്കം 4931 റൺസ് രഹാനെ നേടിയിട്ടുണ്ട്. രഹാനെയുടെ ക്യാപ്റ്റൻസിയിലാണ് കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ ചരിത്രവിജയം ഇന്ത്യ കുറിച്ചത്.