Skip to content

ഞാൻ ക്യാപ്റ്റനായിരിക്കുമ്പോൾ നിന്നെ ടീമിൽ നിന്നും പുറത്താക്കില്ല, അനിൽ കുംബ്ലെ നൽകിയ പിന്തുണയെ കുറിച്ച് വീരേന്ദർ സെവാഗ്

തൻ്റെ ടെസ്റ്റ് കരിയർ വീണ്ടെടുക്കാൻ സാധിച്ചത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. 2007 തുടക്കത്തിൽ മോശം ഫോമിനെ തുടർന്ന് വീരേന്ദർ സെവാഗ് ടീമിൽ നിന്നും പുറത്താക്കപെട്ടിരുന്നു. പിന്നീട് ആ വർഷാവസാനം ഓസ്ട്രേലിയൻ പര്യടനത്തിൽ കുംബ്ലെയുടെ ക്യാപ്റ്റൻസിയിലാണ് സെവാഗ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത്.

ഫിഫ്റ്റി നേടിയാൽ ടീമിൽ തിരിച്ചെത്താമെന്നും പിന്നീട് താൻ ക്യാപ്റ്റൻ ആയിരിക്കുന്നിടത്തോളം ടീമിൽ നിന്നും പുറത്തുപോവില്ലെന്ന് കുംബ്ലെ ഉറപ്പുനൽകിയിരുന്നതായും സെവാഗ് വെളിപ്പെടുത്തി.

” നിനക്ക് ഈ മത്സരത്തിൽ ഫിഫ്റ്റി നേടാനായാൽ അടുത്ത ടെസ്റ്റിൽ നിന്നെ ടീമിൽ ഉൾപ്പെടുത്തും, ഞാൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനായതിനൽ നീ ടീമിൽ നിന്നും പുറത്താകില്ലയെന്നും അദ്ദേഹം എന്നോട് പറഞ്ഞു, ഒരു കളിക്കാരൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ക്യാപ്റ്റൻ്റെ പിന്തുണയാണ്. എൻ്റെ കരിയറിൻ്റെ ആദ്യ വർഷങ്ങളിൽ ഗാംഗുലിയിൽ നിന്നും പിന്നീട് അനിൽ കുംബ്ലെയിൽ നിന്നും ഞാനത് പഠിച്ചു. ” സെവാഗ് പറഞ്ഞു.

പെർത്ത് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 29 റൺസും രണ്ടാം ഇന്നിങ്സിൽ 43 റൺസും നേടിയ സെവാഗ് രണ്ട് വിക്കറ്റുകളും മത്സരത്തിൽ നേടി. പ്രകടനത്തിൻ്റെ പിൻബലത്തിൽ അഡ്ലെയ്ഡ് ടെസ്റ്റിൽ ഇടം നേടിയ സെവാഗ് ആദ്യ ഇന്നിങ്സിൽ 63 റൺസും രണ്ടാം ഇന്നിങ്സിൽ ഒറ്റയാൾ പോരാട്ടത്തിലൂടെ 151 റൺസ് നേടി ഇന്ത്യയ്ക്ക് സമനില നേടികൊടുത്തു. 20 റൺസ് നേടിയ എം എസ് ധോണിയായിരുന്നു രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ രണ്ടാമത്തെ ടോപ്പ് സ്കോറർ.

” ആ 60 റൺസ് ഞാൻ നേടിയതിൽ ഏറ്റവും ബുദ്ധിമുട്ടുള്ളതായിരുന്നു. അനിൽ ഭായ് എന്നിൽ അർപ്പിച്ച വിശ്വാസം ശരിയാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് ആ പ്രകടനം ഞാൻ നടത്തിയത്. എന്തിനാണ് എന്നെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവന്നതെന്ന് അനിൽ കുംബ്ലെയെ ആളുകൾ ചോദ്യം ചെയ്യുവാൻ ഞാൻ ആഗ്രഹിച്ചില്ല. ” സെവാഗ് കൂട്ടിച്ചേർത്തു.