Skip to content

ലഖ്നൗവിനെതിരായ സെഞ്ചുറി, ഐ പി എല്ലിൽ ചരിത്ര റെക്കോർഡ് കുറിച്ച് രജത് പതിദാർ

തകർപ്പൻ സെഞ്ചുറിയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി രജത് പതിദാർ കാഴ്ച്ചവെച്ചത്. വലിയ താരങ്ങൾ മികവ് പുലർത്താതെ പോയ മത്സരത്തിൽ സെഞ്ചുറി നേടിയ പതിദാറിൻ്റെ മികവിലാണ് ആർ സീ ബി മികച്ച സ്കോർ നേടിയത്. മത്സരത്തിലെ ഈ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് പതിദാർ.

49 പന്തിൽ സെഞ്ചുറി നേടിയ പതിദാർ 54 പന്തിൽ പുറത്താകാതെ 12 ഫോറും 7 സിക്സുമടക്കം 112 റൺസ് നേടിയിരുന്നു. പതിദാർക്കൊപ്പം 23 പന്തിൽ 37 റൺസ് നേടിയ ദിനേശ് കാർത്തിക്കും മാത്രമാണ് ആർ സീ ബിയ്ക്ക് വേണ്ടി തിളങ്ങിയത്.

മത്സരത്തിലെ സെഞ്ചുറിയോടെ ഐ പി എൽ എലിമിനേറ്ററിൽ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന ചരിത്ര റെക്കോർഡ് പതിദാർ സ്വന്തമാക്കി. പ്ലേയോഫിൽ ഇതിനുമുൻപ് നാല് ബാറ്റ്സ്മാന്മാർ സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ആർക്കും തന്നെ എലിമിനേറ്ററിൽ സെഞ്ചുറി നേടാൻ സാധിച്ചിരുന്നില്ല.

പ്ലേയോഫിൽ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനാണ് രജത് പതിദാർ. മുരളി വിജയ്, വീരേന്ദർ സെവാഗ്, വൃദ്ധിമാൻ സാഹ, ഷെയ്ൻ വാട്സൺ എന്നിവരാണ് ഇതിനുമുൻപ് പ്ലേയോഫിൽ സെഞ്ചുറി നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ. ഐ പി എൽ പ്ലേയോഫിൽ സെഞ്ചുറി നേടുന്ന ആദ്യ ആർ സീ ബി ബാറ്റ്സ്മാൻ കൂടിയാണ് രജത് പതിദാർ.