Skip to content

114 മീറ്റർ സിക്‌സ് ഉൾപ്പെടെ ഒരോവറിൽ 26 റൺസ്! ഹൈദരബാദിനെ വിറപ്പിച്ച ടിം ഡേവിഡിന്റെ വെടിക്കെട്ട് – വീഡിയോ

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആവേശകരമായ മത്സരത്തിൽ പൊരുതി തോറ്റ്മും ബൈ ഇന്ത്യന്‍സ്. ടിം ഡേവിഡിന്റെ വെടിക്കെട്ടിൽ മുംബൈ ജയം നേടുമെന്ന് കരുതിയ ഇടത്ത് അപ്രതീക്ഷിതമായി റൺ ഔട്ടിൽ പുറത്താവുകയായിരുന്നു. പിന്നാലെ വന്നവർ ജയത്തിനായി പൊരുതിയെങ്കിലും 3 റൺസ് അകലെ ഇന്നിംഗ്സ് അവസാനിച്ചു.

194 റൺസ് പിന്തുടർന്ന് ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് 190 റൺസ് മാത്രമാണ് നേടാനായത്. 18 പന്തിൽ 46 റൺസ് നേടിയ ഡേവിഡാണ് ഹൈദരബാദിനെ അവസാന ഓവറുകളിൽ വിറപ്പിച്ചത്. നടരാജനെതിരെ 18ആം ഓവറിൽ 4 സിക്സ് സഹിതം 26 റൺസാണ് അടിച്ചു കൂട്ടിയത്. അതിൽ ഒരു സിക്സ് 114 മീറ്റർ അകലെ ചെന്നാണ് വീണത്.

ഈ സീസണിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ സിക്‌സാണ്. നേരെത്തെ പഞ്ചാബ് താരം ലിവിങ്സ്റ്റൺ 117 മീറ്റർ സിക്സ് പറത്തിയിരുന്നു. 18ആം ഓവറിലെ അഞ്ചാം പന്തിലാണ് ലഭിച്ച ഫുൾ ടോസ് 114 മീറ്റർ അകലെ അടിച്ചു പറത്തിയത്. നിർഭാഗ്യവശാൽ അവസാന പന്തിൽ റൺ ഔട്ടിൽ കലാശിക്കുകയായിരുന്നു.

ഉംറാന്‍ മാലിക് 23 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടോവറില്‍ ജയിക്കാന്‍ 19 റണ്‍സ് മാത്രം മതി എന്നിരിക്കെ 19ആം ഓവറില്‍ ഒരു റണ്‍സ് പോലും വിട്ട് കൊടുക്കാതെ യോര്‍ക്കറുകള്‍ കൊണ്ട് കളം നിറഞ്ഞ ഭുവനേശ്വര്‍ കുമാറിന്‍റെ പ്രകടനവും ഹൈദരാബാദിന്‍റെ വിജയത്തില്‍ നിര്‍ണ്ണായകമായി.

ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് മറുപടി ബാറ്റിങ്ങില്‍ മുംബൈക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും ഇരുവരും തുടരെ കൂടാരം കയറിയത് മുംബൈക്ക് വിനയായി. രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ പുറത്തായപ്പോള്‍ ഇഷാന്‍ കിഷന്‍ 43 റണ്‍സെടുത്ത് പുറത്തായി. നേരത്തേ അര്‍ധ സെഞ്ച്വറിയുമായി തകര്‍ത്തടിച്ച രാഹുല്‍ ത്രിപാടിയുടെ മനോഹര ഇന്നിംഗ്‌സിന്‍റെ മികവിലാണ് ഹൈദരാബാദ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് 193 റണ്‍സ് എടുത്തു. രാഹുല്‍ ത്രിപാടി വെറും 43 പന്തില്‍ നിന്ന് മൂന്ന് സിക്‌സുകളുടേയും ഒമ്ബത് ഫോറുകളുടേയും അകമ്ബടിയില്‍ 76 റണ്‍സൈടുത്തു. ത്രിപാടിക്ക് പുറമെ 42 റണ്‍സെടുത്ത പ്രിയം ഗാര്‍ഗും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച നിക്കോളാസ് പൂരാനും ചേര്‍ന്നാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്